അന്തസിന് ചേരാത്തത്; നിലവിട്ട രീതിയിലാണ് ഗവർണറുടെ പെരുമാറ്റം: എംവി ഗോവിന്ദൻ മാസ്റ്റർ
സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ . നയപ്രഖ്യാപന പ്രസംഗം മുഴുവൻ വായിക്കാതെ നിയമസഭയിൽ നിന്നും മടങ്ങിയതിനാണ് ഗവർണർക്കെതിരെ എം വി ഗോവിന്ദൻ മാസ്റ്റർവിമർശനം ഉന്നയിച്ചത്.
സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം വായിക്കുമ്പോൾ ഗവർണർക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും നിലവിട്ട നിലയിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. അദ്ദേഹം ഇന്ന് നടത്തിയ പ്രസംഗം കണ്ടതോടെ ഗവർണർക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് വ്യക്തമായി. ഗവർണർ കുറെ കാലമായി എടുക്കുന്ന നിലപാടിന്റെ തുടർച്ചയാണ് ഇന്നലെ നിയമസഭയിലുണ്ടായത്.
അതൊരിക്കലും ഭരണഘടന രീതിക്ക് ചേരുന്നതല്ല. സാധാരണയായി ഗവർണർമാരുടെ കീഴ്‌വഴക്കം അല്ല ഇന്നലെ കണ്ടത്. ഗവർണറുടെ പദവിയ്ക്ക് ചേരുന്നതല്ല ഇപ്പോൾ നടക്കുന്നത്. ഗവർണറുടെ ഈ പെരുമാറ്റം അന്തസിന് ചേരാത്തതാണ്. നടപടി ഭരണഘടനാ വിരുദ്ധമാണ്. നിലവിട്ട രീതിയിലാണ് ഗവർണറുടെ പെരുമാറ്റമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.