മൂന്നാമതൊരു ലോക്സഭാ സീറ്റിന് മുസ്ലിം ലീഗിന് എല്ലാ അർഹതയുമുണ്ട്: പികെ കുഞ്ഞാലിക്കുട്ടി

single-img
30 September 2023

കേരളത്തിൽ മൂന്നാം ലോക്സഭാ സീറ്റിന് മുസ്ലിം ലീഗിന് എല്ലാ അർഹതയുമുണ്ടെന്ന് മുസ്ലിം ലീ​ഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ഇപ്പോഴുളളത് പോരാ എന്നത് ശരിയാണ്. വിഷയം യുഡ‍ിഎഫിൽ ആലോചിച്ചാവും അന്തിമ തീരുമാനമെന്നും കുഞ്ഞാലിക്കുട്ടി ഇന്ന് കണ്ണൂരിൽ പറഞ്ഞു.

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് സീറ്റുമായി ബന്ധപ്പെട്ടുള്ള കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. കേന്ദ്ര സർക്കാരിന് കീഴിലുള്ള ഏജൻസികൾ വ്യാപകമായി അന്വേഷണം നടത്തുമ്പോൾ അത് സഹകരണ മേഖലയെ തളർത്തുന്ന നടപടിയായി മാറും. സഹകരണ മേഖല എല്ലാവർക്കുമുള്ളതാണ്. ഇഡി നീക്കം ദുരുദ്ദേശപരമാണോ എന്ന ചോദ്യത്തിനാണ് കുഞ്ഞാലിക്കുട്ടിയുടെ മറുപടി. സർക്കാരിനോട് അഭിപ്രായവ്യത്യാസം ഉള്ള കാര്യങ്ങളും ഉണ്ട്‌. എന്നാൽ സഹകരണ മേഖലയിലെ അഴിമതി അംഗീകരിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സംശയങ്ങൾ തീർന്നിട്ട് അഭിപ്രായം പറയാമെന്നായിരുന്നു ആരോഗ്യ മന്ത്രിയുടെ ഓഫീസിനു എതിരായ ആരോപണത്തോടുള്ള കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. അതിന് മുന്നേ പറഞ്ഞു കുടുങ്ങേണ്ടല്ലോ. ചാടിക്കയറി അഭിപ്രായം പറയുന്ന രീതി തനിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.