മോദി-ട്രംപ് ടെലിഫോണ്‍ ചർച്ചയിൽ മസ്‌ക് ഉണ്ടായിരുന്നില്ല; വിശദീകരണം നൽകി വിദേശകാര്യ മന്ത്രാലയം

single-img
28 March 2026

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ ടെസ്‌ല സിഇഒ ഇലോൺ മസ്ക് പങ്കെടുത്തില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മോദിയും ട്രംപും നടത്തിയ സംഭാഷണത്തിൽ ഇലോൺ മസ്ക് പങ്കെടുത്തതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

ഇതിന്‍റെ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്. ഔദ്യോഗിക പ്രസ്താവനകളിലോ ബ്രീഫിംഗിലോ ഇലോൺ മസ്കിന്‍റെ സാന്നിധ്യത്തെക്കുറിച്ച് യുഎസോ ഇന്ത്യൻ സർക്കാരോ പരാമർശിച്ചിട്ടില്ല. മാർച്ച് 24-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും തമ്മിൽ ടെലിഫോൺ സംഭാഷണം നടന്നതെന്നും പശ്ചിമേഷ്യയിലെ സ്ഥിതിഗതികളെക്കുറിച്ചാണ് ഇരുവരും ചർച്ച ചെയ്തതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

മസ്കിന്‍റെ സാന്നിധ്യത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളെ സംബന്ധിച്ച ചോദ്യങ്ങൾക്ക്, പ്രസിഡന്‍റ് ട്രംപും പ്രധാനമന്ത്രി മോദിയും തമ്മിൽ മികച്ച ബന്ധമാണുള്ളതെന്നും ഫലപ്രദമായ സംഭാഷണമാണ് നടന്നതെന്നുമായിരുന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പി‌ടി‌ഐയോട് പ്രതികരിച്ചത്. മസ്ക് സംഭാഷണത്തിൽ പങ്കുചേർന്നുവെന്ന ന്യൂയോർക്ക് ടൈംസിന്‍റെ റിപ്പോർട്ടിൽ അത് എന്തിനായിരുന്നു എന്ന കാര്യത്തിൽ വ്യക്തതയില്ല.

സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ജീവനക്കാരെ കുറയ്ക്കാനുള്ള നീക്കത്തിനെതിരെ മസ്ക് വിയോജിപ്പ് പ്രകടിപ്പിച്ചത് നേരത്തെ വിവാദമായിരുന്നു. ഇതിനുശേഷം നടന്ന ടെലിഫോൺ സംഭാഷണത്തിലെ മസ്കിന്‍റെ സാന്നിധ്യം ട്രംപുമായുള്ള അദ്ദേഹത്തിന്‍റെ ബന്ധം മെച്ചപ്പെട്ടതിന്‍റെ സൂചനയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഇറാനെതിരായ ഇസ്രായേലിന്‍റെയും യുഎസിന്‍റെയും സൈനിക ആക്രമണങ്ങൾ ആരംഭിച്ചതിന് ശേഷം ട്രംപുമായി പ്രധാനമന്ത്രി മോദി നടത്തുന്ന ആദ്യ ചർച്ചയാണിത്. പശ്ചിമേഷ്യൻ പ്രതിസന്ധിയിലും മേഖലയിലെ യുദ്ധസാഹചര്യങ്ങളിലുമാണ് ഫോൺ സംഭാഷണം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രത്യേകിച്ച്, ഇറാനിയൻ സൈന്യം പ്രധാന കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ചരക്ക് ഗതാഗതം വഷളാകാൻ സാധ്യതയുണ്ട്. ഇത് എണ്ണ-വാതക വിതരണത്തെ ബാധിക്കുകയും ആഗോള ഊർജ്ജ വില ഉയരാൻ ഇടയാക്കുകയും ചെയ്യും.

സംഭാഷണത്തിനിടെ ഹോർമുസ് കടലിടുക്കിന്‍റെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി മോദി സംസാരിച്ചു. ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും സാമ്പത്തിക ക്ഷേമത്തിനും ഇത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹോർമുസ് കടലിടുക്ക് സുരക്ഷിതവും സുഗമവുമായ ജലപാതയാണെന്ന് ഉറപ്പാക്കേണ്ടത് ലോകത്തിന്‍റെ ആവശ്യമാണെന്നും സമാധാനത്തിനായി ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇറാനുമായും ഇസ്രായേലുമായും ഒരേപോലെ നല്ല ബന്ധം പുലർത്തുന്ന ചുരുക്കം രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. അതിനാൽ തന്നെ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യയ്ക്ക് മധ്യസ്ഥത വഹിക്കാൻ കഴിയുമെന്ന പ്രതീക്ഷയും ചർച്ചയിലുണ്ടായതായാണ് സൂചന.