ഇറാനെതിരായ നീക്കങ്ങൾ ചർച്ച ചെയ്യാൻ മൊസാദ് മേധാവി അമേരിക്കയിൽ; ട്രംപ് ഭരണകൂടവുമായി കൂടിക്കാഴ്ച

ഇറാനെതിരെ വീണ്ടും സൈനിക നടപടി സ്വീകരിക്കണമെന്ന ഇസ്രയേലിന്റെ സമ്മർദം ശക്തമാകുന്നതിനിടെ മൊസാദ് മേധാവി റോമൻ ഗോഫ്മാൻ അമേരിക്കയിലെത്തി. നവംബർ 13ന് എത്തിയ അദ്ദേഹം സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ് ഉൾപ്പെടെയുള്ള ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്. വൈറ്റ് ഹൗസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായും ചർച്ചയ്ക്ക് സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമമായ ആക്സിയോസ് റിപ്പോർട്ട് ചെയ്തു.
ഇറാനെതിരെ ഉടൻ സൈനിക നടപടി വേണമെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിലപാട്. എന്നാൽ, നേരിട്ടുള്ള യുദ്ധത്തിന് പകരം നയതന്ത്ര സമ്മർദവും സാമ്പത്തിക ഉപരോധവും തുടരാനാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് താൽപര്യപ്പെടുന്നതെന്നാണ് റിപ്പോർട്ടുകൾ. ഗൾഫ് രാജ്യങ്ങളും സംഘർഷം ഒഴിവാക്കാനുള്ള സമീപനത്തെ പിന്തുണയ്ക്കുന്നതായി ട്രംപ് വ്യക്തമാക്കിയിരുന്നു.
ഇതിനിടെ, ഇസ്രയേലിലെ ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധിയും നെതന്യാഹുവിന്റെ നീക്കങ്ങൾക്ക് പിന്നിലുണ്ടെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്. ഇറാനുമായി ബന്ധപ്പെട്ട സുരക്ഷാ സാഹചര്യം ചർച്ച ചെയ്യാൻ നെതന്യാഹു പ്രതിപക്ഷ നേതാവ് ഗാഡി ഐസെൻകോട്ടുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
അമേരിക്കയും ഇസ്രയേലും തമ്മിലുള്ള ഇറാൻ നയത്തിലെ ഭിന്നതകൾക്കിടയിൽ മൊസാദ് മേധാവിയുടെ സന്ദർശനം പശ്ചിമേഷ്യയിലെ നയതന്ത്ര-സുരക്ഷാ നീക്കങ്ങളിൽ നിർണായകമായി മാറിയിരിക്കുകയാണ്. സന്ദർശനത്തെക്കുറിച്ച് മൊസാദോ സിഐഎയോ വൈറ്റ് ഹൗസോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.


