ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ കോടതിയില്‍ ഹാജരാകണം; വിചാരണകോടതിയുടെ ഉത്തരവ് തടയാനാകില്ലെന്ന് ഹൈക്കോടതി

single-img
29 August 2022

അനധികൃതമായി ആനക്കൊമ്പ് കൈവശം വെച്ച കേസില്‍ മോഹന്‍ലാല്‍ കോടതിയില്‍ നേരിട്ട് ഹാജരാകാനുള്ള വിചാരണക്കോടതിയുടെ ഉത്തരവ് തടയാനാകില്ലെന്ന് ഹൈക്കോടതി. വിഷയത്തിൽ സംസ്ഥാന സർക്കാർ എന്തുകൊണ്ട് ഹർജി നൽകിയില്ലെന്നും കോടതി ചോദിച്ചു.

കേസില്‍ കോടതിയിൽ ഹാജരാവുന്നതിനെതിരെ മോഹന്‍ലാല്‍ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. മോഹൻലാലിന്റെ കേസ് പിൻവലിക്കാനുള്ള സർക്കാർ ഹർജി പെരുമ്പാവൂർ കോടതി തള്ളിയതിനെതിരെയാണ് നടൻ ഹർജിയുമായി ഹൈക്കോടതിയിലെത്തിയത്.

നിലവിൽ ഹര്‍ജിയില്‍ കോടതി സർക്കാർ വിശദീകരണം തേടി. ഓണത്തിന്റെ അവധി കഴിഞ്ഞു ഹർജി പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. ആനക്കൊമ്പ് പിടികൂടുമ്പോള്‍ മോഹന്‍ലാലിന് ഉടമസ്ഥാവകാശ രേഖയുണ്ടായിരുന്നില്ലെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ ഹര്‍ജി കീഴ്‌ക്കോടതി തള്ളിയാല്‍ എങ്ങനെയാണ് കേസിലെ പ്രതിയായ മോഹന്‍ലാല്‍ ഹര്‍ജി നല്‍കുന്നതെന്നും എന്തുകൊണ്ട് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയില്ലെന്നും കോടതി ചോദിച്ചു.

അതേസമയം, തനിക്കെതിരെ വിധിപറഞ്ഞപ്പോൾ പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി വസ്തുതകളും നിയമ വശവും പരിശോധിച്ചില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. മാത്രമല്ല, തനിക്കെതിരായി തെളിവില്ലാത്തതിനാലാണ് സർക്കാർ കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയതെന്നും മോഹന്‍ലാലിന്‍റെ ഹര്‍ജിയിലുണ്ട്. 2012 ലായിരുന്നു മോഹൻലാലിന്‍റെ വീട്ടിൽ നിന്ന് നാല് ആനക്കൊമ്പുകൾ പിടികൂടിയത്.