കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന മോദിയുടെ പ്രസ്താവന അതിരുകവിഞ്ഞ മോഹം: മുഖ്യമന്ത്രി

single-img
3 March 2023

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലും ഭരണം പിടിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരെ പരിഹാസവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന നരേന്ദ്രമോദിയുടെ പ്രസ്താവന അതിരുകവിഞ്ഞ മോഹമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ എന്തൊക്കെ പ്രയാസങ്ങളനുഭവിക്കുന്നുണ്ടെന്നും അതിന്റെ കാരണക്കാര്‍ ആരാണെന്നും തീവ്രമായ അനുഭവങ്ങളിലൂടെ ബോധ്യമുള്ളവരാണ് ഈ നാട്ടുകാര്‍. സംഘപരിവാറില്‍ നിന്ന് കൊടിയ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ബിജെപി അനുകൂല നിലപാടിലെത്താനാവില്ല.

ഏതാനും താല്‍ക്കാലിക ലാഭങ്ങള്‍ക്കായി ആരെങ്കിലും നടത്തുന്ന നീക്കുപോക്കുകള്‍ ന്യൂനപക്ഷത്തിന്‍റെ പൊതുസ്വഭാവമാണെന്ന് കരുതുന്നത് ഭീമാബദ്ധമാണ്. വര്‍ഗീയ ശക്തികള്‍ക്ക് കേരളത്തിന്‍റെ മണ്ണില്‍ സ്ഥാനമുണ്ടാകില്ലെന്ന് ഈ നാട് എക്കാലത്തും വ്യക്തമാക്കിയിട്ടുണ്ട്. മതനിരപേക്ഷതയുടെ കേരളമാതൃക രാജ്യത്താകെ വേരുറപ്പിക്കുന്ന നാളുകളാണ് വരാനുള്ളതെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.