മോദിയുടെ വിദേശയാത്രകൾക്ക് 557 കോടിയിലധികം ചെലവ്; 2026ൽ മാത്രം 74.5 കോടി ചെലവായെന്ന് കേന്ദ്രം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദർശനങ്ങൾക്കായി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ചെലവഴിച്ച തുക സംബന്ധിച്ച വിവരങ്ങൾ രാജ്യസഭയിൽ പുറത്തുവന്നു. 2021 മുതൽ 2026 ഓഗസ്റ്റ് വരെ വിവിധ രാജ്യങ്ങളിലേക്കുള്ള പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്കായി ₹557.51 കോടിയിലധികം രൂപ ചെലവഴിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്.
രാജ്യസഭയിൽ എംപിമാരായ വി. ശിവദാസനും സഞ്ജയ് സിങ്ങും ഉന്നയിച്ച ചോദ്യങ്ങൾക്ക് വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരറ്റ നൽകിയ മറുപടിയിലൂടെയാണ് കണക്കുകൾ പുറത്തുവന്നത്. 2026ൽ ജൂലൈ വരെ മാത്രം പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനങ്ങൾക്കായി ₹74.5 കോടിയോളം രൂപ ചെലവഴിച്ചതായും മറുപടിയിൽ പറയുന്നു.
കേന്ദ്ര സർക്കാർ നൽകിയ വിവരങ്ങൾ പ്രകാരം, 2021ൽ വിദേശയാത്രകൾക്കായി ₹36.12 കോടി രൂപ ചെലവഴിച്ചു. തുടർന്ന് 2022ൽ ₹55.8 കോടി, 2023ൽ ₹93.6 കോടി, 2024ൽ ₹109.5 കോടി, 2025ൽ ₹187.83 കോടി എന്നിങ്ങനെയാണ് ചെലവ് വർധിച്ചത്. 2026ൽ ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം തന്നെ ചെലവ് ₹75 കോടിയോട് അടുത്തിട്ടുണ്ട്.
2025ൽ ഫ്രാൻസ് സന്ദർശനത്തിനായി ഏകദേശം ₹25 കോടി രൂപയും അമേരിക്കൻ സന്ദർശനത്തിനായി ₹16 കോടി രൂപയും ചെലവഴിച്ചതായി കേന്ദ്രം അറിയിച്ചു. നോർവേയിലേക്കുള്ള ഒരു ദിവസത്തെ സന്ദർശനത്തിന് മാത്രം ₹17 കോടി രൂപ ചെലവായതായും കണക്കുകൾ വ്യക്തമാക്കുന്നു.
ഈ കാലയളവിൽ പ്രധാനമന്ത്രി 77 രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നും വിവിധ രാജ്യങ്ങളുമായി 316 ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. എന്നാൽ ഈ ധാരണാപത്രങ്ങളിൽ എത്ര എണ്ണം പ്രായോഗികമായി നടപ്പിലായെന്നോ അവയുടെ ഫലമായി എത്ര വിദേശ നിക്ഷേപം രാജ്യത്തേക്ക് എത്തിയെന്നോ കേന്ദ്രം വ്യക്തമാക്കിയിട്ടില്ല.
വിദേശ സന്ദർശനങ്ങളുടെ നേട്ടങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, 2021 ഏപ്രിൽ മുതൽ 2025 ഡിസംബർ വരെ ഇന്ത്യയ്ക്ക് ലഭിച്ച ആകെ വിദേശ നിക്ഷേപം 381.8 ബില്യൺ യുഎസ് ഡോളറാണെന്ന പൊതുവിവരമാണ് സർക്കാർ നൽകിയിരിക്കുന്നത്. എന്നാൽ ഈ നിക്ഷേപങ്ങൾ പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനങ്ങളുടെ നേരിട്ടുള്ള ഫലമാണെന്ന് തെളിയിക്കുന്ന പ്രത്യേക വിവരങ്ങളോ രേഖകളോ മറുപടിയിൽ ഉൾപ്പെടുത്തിയിട്ടില്ല.
വിദേശയാത്രകളുടെ ചെലവും അതിന്റെ സാമ്പത്തിക നേട്ടങ്ങളും സംബന്ധിച്ച ചർച്ചകൾക്കിടയിലാണ് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.


