സ്റ്റീവ് വോയ്ക്കൊപ്പം മോദി മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍

single-img
10 July 2026

ചരിത്ര പ്രസിദ്ധമായ മെല്‍ബണിലെ ക്രിക്കറ്റ് മൈതാനിയില്‍ കുട്ടി ക്രിക്കറ്റ് താരങ്ങളുമായി സംവദിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിയും സന്ദര്‍ശനത്തില്‍ മോദിക്കൊപ്പമുണ്ടായിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ കായിക നയതന്ത്രത്തിനുള്ള പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു ഈ സന്ദര്‍ശനം. ഓസ്ട്രേലിയന്‍ ബിഗ് ബാഷ് ലീഗിന്‍റെ പുതിയ സീസണ്‍ ഉദ്ഘാടന മത്സരം ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടത്താനും തീരുമാനമായി.

പ്രധാനമന്ത്രി നരേന്ദ്രമോദി ഭാവി തലമുറയിലെ ക്രിക്കറ്റ് താരങ്ങളുമായി സംവദിക്കുകയും അവരുടെ ജേഴ്‌സികളില്‍ ഓട്ടോ ഗ്രാഫ് നല്‍കുകയും ചെയ്തു. ഇരു ലോകനേതാക്കള്‍ക്കുമൊപ്പം ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ഇതിഹാസ നായകന്‍ സ്റ്റീവ് വോയും സ്റ്റേഡിയത്തില്‍ ഒത്തുചേര്‍ന്നത് ഈ കായിക നയതന്ത്ര കൂടിക്കാഴ്ചയുടെ മാറ്റുകൂട്ടി.

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2030-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിനും, ഓസ്ട്രേലിയ വേദിയാകുന്ന 2032-ലെ ഒളിംപിക് ഗെയിംസിനും മുന്നോടിയായി സമഗ്രമായ ഒരു കായിക രൂപരേഖയ്ക്ക് ഇരുരാജ്യങ്ങളും രൂപം നല്‍കുന്നതിനിടയിലാണ് ഈ സന്ദര്‍ശനം.