മോദി ദൈവത്തിൻ്റെ പ്രതിനിധി; ആഗ്രഹിക്കുന്നതെന്തും രാജ്യത്ത് നടപ്പാക്കാൻ സാധിക്കും: യുപി മന്ത്രി

single-img
27 October 2022

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ദൈവത്തിന്റെ അവതാരമെന്ന് വിശേഷിപ്പിച്ച് യുപിയിലെ വിദ്യാഭ്യാസ സഹമന്ത്രി. അസാമാന്യ പ്രതിഭയുള്ള ഒരു വ്യക്തിയാണ് നരേന്ദ്ര മോദി. അദ്ദേഹത്തിന് ഇഷ്ടമുള്ള കാലംവരെ പ്രധാനമന്ത്രിയായി തുടരാം. മോദിയോട് മത്സരിക്കാൻ ആർക്കും കഴിയില്ല. താൻ ആഗ്രഹിക്കുന്നതെന്തും രാജ്യത്ത് നടപ്പാക്കാൻ മോദിക്ക് കഴിയുമെന്നും ഗുലാബ് ദേവി അവകാശപ്പെട്ടു .

സംസ്ഥാനത്തെ സംഭാൽ ജില്ലയിൽ ഒരു പൊതു പരിപാടിയിൽ പങ്കെടുത്ത ശേഷം ഇന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സെക്കൻഡറി വിദ്യാഭ്യാസ സഹമന്ത്രി ഗുലാബ് ദേവി. രാജ്യത്തെ ന്യൂനപക്ഷ സമുദായത്തിൽനിന്നുള്ള ഒരാളെ പ്രധാനമന്ത്രിയാക്കണമെന്ന് ചില പ്രതിപക്ഷ നേതാക്കൾ പറയുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ദേവിയുടെ മറുപടി ഇങ്ങനെ. “ഊഹങ്ങൾകൊണ്ട് ഒന്നും സംഭവിക്കുന്നില്ല. അത്രയ്ക്ക് അസാധാരണ വ്യക്തിത്വമാണ് അദ്ദേഹം. ദൈവത്തിൻ്റെ പ്രതിനിധിയാണ് മോദി.”

തന്റെ പ്രസ്താവനയിലൂടെ സംഭാൽ ലോക്‌സഭയിൽ നിന്നുള്ള എസ്പി എംപി ഷഫീഖുർ റഹ്മാൻ ബർക്കിനെയും മന്ത്രി ലക്ഷ്യം വച്ചു. ഇന്ത്യയുടെ പ്രധാനമന്ത്രി ന്യൂനപക്ഷമായിരിക്കണമെന്ന് എസ്പി എംപി പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് നമ്മുടെ രാജ്യത്ത് ജനാധിപത്യമുണ്ടെന്ന് സംസ്ഥാന സഹമന്ത്രി ഗുലാബ് ദേവി പറഞ്ഞത്.