ഗവര്‍ണറെ മന്ത്രിമാര്‍ പേടിക്കേണ്ടതില്ല;ജനങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിച്ചവരാണ് മന്ത്രിമാർ;വി ശിവന്‍കുട്ടി

single-img
18 October 2022

തിരുവനനന്തപുരം: ഗവര്‍ണറെ മന്ത്രിമാര്‍ പേടിക്കേണ്ടതില്ലെന്ന് വി ശിവന്‍കുട്ടി. ഗവര്‍ണര്‍ വിമര്‍ശനത്തിന് അതീതനല്ല.

ഭരണഘടന ഗവര്‍ണര്‍ക്കും ബാധകമാണ്. ജനങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിച്ചവരാണ് മന്ത്രിമാരെന്നും വി ശിവന്‍കുട്ടി കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ഗവര്‍ണര്‍ നടത്തിയിട്ടുള്ള പ്രസ്താവനയെ പറ്റി സിപിഎം നേതാക്കള്‍ തന്നെ നയം വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടന ഇന്ത്യന്‍ പ്രസിഡന്റ് മുതല്‍ സാധാരണ പൗരന്‍ വരെയുള്ള എല്ലാവര്‍ക്കും ബാധകമാണ്. ഏതെങ്കിലും ഒരു കൂട്ടര്‍ക്കുമാത്രമല്ല ഇത് ബാധകം. ഒരു സംസ്ഥാനത്ത് ഒരു കാരണവശാലും ഉണ്ടാവാന്‍ പാടില്ലാത്ത സംഭവങ്ങളാണ് ഉണ്ടാകുന്നത്. കേരളത്തിന്റെയും ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്തരത്തിലുള്ള ഒരു വെല്ലുവിളികള്‍ ഉണ്ടാവാറില്ല. കാര്യങ്ങള്‍ കുറച്ചുകൂടി സൗഹാര്‍ദത്തില്‍ പോകുന്നത് കേരളത്തിന്റെ വികസനത്തിന് അത്യന്ത്യാപേക്ഷിതമാണ്. ജനാധിപത്യത്തില്‍ എല്ലാവരെയും വിമര്‍ശിക്കാം. ജനാധിപത്യത്തിന്റെ കരുത്താണ് വിമര്‍ശനവും സ്വയം വിമര്‍ശനവും’- വി ശിവന്‍കുട്ടി പറഞ്ഞു.

ഗവര്‍ണര്‍ പദവിയുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്ന പ്രസ്താവന നടത്തുന്ന മന്ത്രിമാരെ തല്‍സ്ഥാനത്തുനിന്നു നീക്കുന്നത് ഉള്‍പ്പെടെ കടുത്ത നടപടികളുണ്ടാകുമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ആര്‍എസ്‌എസ് പാളയത്തില്‍ പോയാണ് ഗവര്‍ണര്‍ കാര്യങ്ങള്‍ ആലോചിക്കുന്നതെന്ന് ഏതാനും ദിവസം മുന്‍പ് മന്ത്രി ആര്‍ ബിന്ദുവിന്റെ പരാമര്‍ശത്തിന് പിന്നാലെയായിരുന്നു ഗവര്‍ണറുടെ പ്രതികരണം.

ഗവര്‍ണര്‍ വഹിക്കുന്ന ഭരണഘടനാ പദവിയുടെ അന്തസ്സിന് യോജിക്കുന്ന വിധത്തിലല്ല പെരുമാറുന്നതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി. വിമര്‍ശിക്കുന്ന മന്ത്രിമാരെ പുറത്താക്കുമെന്ന ഗവര്‍ണറുടെ ഭീഷണി ഇതിന് ഒടുവിലത്തെ ഉദാഹരണമാണ്.
മന്ത്രിമാരെ പുറത്താക്കാന്‍ ഭരണഘടന ഗവര്‍ണര്‍ക്ക് അധികാരം നല്‍കുന്നില്ല. പ്രസ്താവനയിലൂടെ ഗവര്‍ണറുടെ രാഷ്ട്രീയ പക്ഷപാതിത്വം വ്യക്തമായി. ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ പ്രസ്താവന നടത്തുന്ന ഗവര്‍ണറെ തടയാന്‍ രാഷ്ട്രപതി ഇടപെടണമെന്നും സിപിഎം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

തെറ്റായ പ്രവണതയുണ്ടാക്കാനാണ് ഗവര്‍ണറുടെ ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. ഗവര്‍ണര്‍ക്ക് അധികാരമില്ലാത്ത കാര്യങ്ങളിലാണ് ഇടപെട്ടുകൊണ്ടിരിക്കുന്നത്. ഗവര്‍ണര്‍ അമിതാധികാര പ്രവണതയാണ് കാണിക്കുന്നത്. ഇതിനോട് ഇടതുപക്ഷ കക്ഷികള്‍ക്ക് ഒരുതരത്തിലും യോജിക്കാനാവില്ല. മുഖ്യമന്ത്രിയുടെ ശുപാര്‍ശ അനുസരിച്ചു മാത്രമേ മന്ത്രിയെ നിയമിക്കാനാകൂവെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.