മതനിരപേക്ഷത സംരക്ഷിക്കാന്‍ ജീവന്‍ ഷെയറായി നല്‍കിയവരുടെ പിന്‍മുറക്കാരാണ് ഞങ്ങള്‍; വിഡി സതീശന് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്

single-img
26 March 2023

തിരഞ്ഞെടുപ്പ് ജയിക്കാന്‍ സംഘപരിവാറിന്റെ ഷെയര്‍ പറ്റി ജീവിച്ചവര്‍ കേരളത്തിലെ കോണ്‍ഗ്രസിനെ നയിച്ചാല്‍ ഇങ്ങനെ പലതും പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ എന്ന് മന്ത്രി മുഹമ്മദ് റിയാസ്. രാഹുല്‍ ഗാന്ധിയെ ലോക്സഭയിൽ നിന്നും അയോഗ്യനാക്കിയ വിഷയത്തില്‍ സി പിഎം അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് ഷെയറു കിട്ടാനാണെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവനക്കുളള മറുപടി മന്ത്രി മുഹമ്മദ് റിയാസ് തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ എഴുതുകയായിരുന്നു.

രാജ്യം അപ്രഖ്യാപിത അടിയന്തിരാവസ്ഥയ്ക്ക് സമാനമായി നീങ്ങുമ്പോഴും ഷെയര്‍മാര്‍ക്കറ്റിലെ ചില ഷെയര്‍ ബ്രോക്കര്‍മാരുടെ മനസ്സ് പോലെ,ലാഭനഷ്ടങ്ങളുടെ ചില കള്ളികളില്‍ മാത്രം സമകാലിക രാഷ്ട്രീയത്തെ നോക്കി കാണുന്ന ചിലര്‍ കേരളത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ നയിക്കുന്നത് മതനിരപേക്ഷ ഇന്ത്യക്ക് അപമാനമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ ഫേസ് ബുക്ക് പോസ്റ്റ്:

‘മതനിരപേക്ഷത സംരക്ഷിക്കാന്‍ ജീവന്‍ ഷെയറായി നല്‍കിയവരുടെ പിന്‍മുറക്കാരാണ് ഞങ്ങള്‍”

രാഹുല്‍ ഗാന്ധി വിഷയത്തില്‍ സംഘപരിവാറിന്റെ അമിതാധികാര പ്രവണതയ്‌ക്കെതിരെ ശക്തമായ നിലപാടാണ് സിപിഐ എം സ്വീകരിച്ചിട്ടുള്ളത്. അത് ഞങ്ങളുടെ പ്രസ്ഥാനത്തിന്റെ സ്ഥായിയായ നിലപാടുമാണ്.

രാജ്യം അപ്രഖ്യാപിത അടിയന്തിരാവസ്ഥയ്ക്ക് സമാനമായി നീങ്ങുമ്പോഴും ഷെയര്‍മാര്‍ക്കറ്റിലെ ചില ഷെയര്‍ ബ്രോക്കര്‍മാരുടെ മനസ്സ് പോലെ,ലാഭനഷ്ടങ്ങളുടെ ചില കള്ളികളില്‍ മാത്രം സമകാലിക രാഷ്ട്രീയത്തെ നോക്കി കാണുന്ന ചിലര്‍ കേരളത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ നയിക്കുന്നത്, മതനിരപേക്ഷ ഇന്ത്യക്ക് അപമാനമാണ്.

മതവര്‍ഗീയതയ്ക്ക് എതിരെ മതനിരപേക്ഷത സംരക്ഷിക്കാന്‍ ജീവന്‍ ഷെയറായി നല്‍കിയവരാണ് ഞങ്ങള്‍ ഇടതുപക്ഷം.തിരഞ്ഞെടുപ്പ് ജയിക്കാന്‍ സംഘപരിവാറിന്റെ ഷെയര്‍ പറ്റി ജീവിച്ചവര്‍ കേരളത്തിലെ കോണ്‍ഗ്രസിനെ നയിച്ചാല്‍ ഇങ്ങനെ പലതും പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ