മയക്കുമരുന്ന് കേസിൽ വ്യാജമായി പ്രതിചേർക്കപ്പെട്ടു; ഷീലാ സണ്ണിയെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ച് മന്ത്രി എംബി രാജേഷ്
ചാലക്കുടിയിൽ മയക്കുമരുന്ന് കേസിൽ വ്യാജമായി പ്രതിചേർക്കപ്പെട്ടു ശിക്ഷ അനുഭവിച്ച ഷീലാ സണ്ണിയെ മന്ത്രി എംബി രാജേഷ് ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചു. ചെയ്യാത്ത തെറ്റിന്‍റെ പേരിൽ ജയിലിൽ കിടക്കാനിടയായതിലും, അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടിലും ഖേദം പ്രകടിപ്പിച്ചു. അവരെ വ്യാജമായി കേസിൽ കുടുക്കുന്നതിന് ഉത്തരവാദികളായ എല്ലാവർക്കുമെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഉറപ്പുനൽകി.
ഈ വിഷയം ഇന്നലെ തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കിയതാമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികളിൽ ഷീലാ സണ്ണി സംതൃപ്തിയും നന്ദിയും അറിയിക്കുകയും ചെയ്തു. ഷീലാ സണ്ണി നിരപരാധിയാണ് എന്ന് കോടതിയെ അറിയിക്കും. ഇനി ഒരാൾക്കും ഇതുപോലെ അനുഭവം ഉണ്ടാകില്ലെന്ന് ഉറപ്പാക്കുംവിധം, ഉത്തരവാദികളായ എല്ലാവർക്കുമെതിരെ നിയമാനുസൃതമായ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.