രാജി സന്നദ്ധത; ബിജു പ്രഭാകറിന്റെ വാദം തള്ളി ഗതാഗത മന്ത്രി ആന്റണി രാജു

single-img
15 July 2023

രാജി സന്നദ്ധത അറിയിച്ചു എന്ന കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകറിന്റെ വാദം തള്ളി സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജു. സിഎംഡി സ്ഥാനം രാജിവെക്കാൻ തയ്യാറാണെന്ന് താൻ ഗതാഗതമന്ത്രിയെ അറിയിച്ചുവെന്ന് ബിജു പ്രഭാകർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ മറുപടി പുറത്ത് വന്നത്.

സിഎംഡി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും രാജിസന്നദ്ധത അറിയിച്ചിട്ടില്ലെന്ന് മന്ത്രി ആൻറണി രാജു വ്യക്തമാക്കി. ജീവനക്കാർക്കുള്ള ശമ്പളം വൈകുന്ന സാഹചര്യത്തിൽ വിമർശനം രൂക്ഷമായതോടെയാണ് സിഎംഡി ബിജു പ്രഭാകർ സർക്കാറിനെ രാജിസന്നദ്ധത അറിയിച്ചത്. ഗതാഗത മന്ത്രി ആന്റണി രാജു, ചീഫ് സെക്രട്ടറി വി വേണു എന്നിവരെ നേരിൽ കണ്ട് പദവിയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

അതേസമയം, ഇപ്പോൾ അഭിമുഖീകരിക്കുന്ന ശമ്പള പ്രതിസന്ധിയിൽ ജീവനക്കാരുടെ പഴി കേൾക്കുന്നത് താൻ മാത്രമാണെന്നും, ഈ രീതിയിൽ മുന്നോട്ടു പോകാൻ കഴിയില്ലെന്നുമാണ് ബിജു പ്രഭാകറിന്റെ നിലപാട്. കെഎസ്ആർടിസിയുടെ വരവ് ചെലവ് കണക്കുകളും ശമ്പളം മുടങ്ങിയതിന്റെ കാരണവും ഫേസ്ബുക്കിലൂടെ വിശദീകരിക്കുമെന്ന് സിഎംഡി അറിയിച്ചു.