കിഫ്ബിയെ തകർക്കാൻ യുഡിഎഫ് ശ്രമിക്കുന്നു; കേന്ദ്ര അജണ്ടയ്ക്ക് കുടപിടിക്കുന്നു: പിണറായി വിജയൻ

കിഫ്ബിയെ തകർക്കാനുള്ള കേന്ദ്ര അജണ്ടയ്ക്ക് യുഡിഎഫ് സർക്കാർ കുടപിടിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിക്കെതിരെ നിയോഗിച്ച സുധാ പിള്ള കമ്മിറ്റി റിപ്പോർട്ടും അതിനെ പിന്തുണയ്ക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടും കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
സ്കൂളുകൾ, ആശുപത്രികൾ, പാലങ്ങൾ, ദേശീയപാതാ വികസനം തുടങ്ങി കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിൽ കിഫ്ബി നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. കിഫ്ബിയെ ഇല്ലാതാക്കുന്നതിലൂടെ സാമൂഹിക ക്ഷേമത്തിനും മൂലധന നിക്ഷേപത്തിനുമുള്ള സാധ്യതകളാണ് അടയുന്നതെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബി അവസാനിപ്പിച്ചാൽ വികസന പദ്ധതികൾ നടപ്പാക്കാനുള്ള ബദൽ എന്താണെന്ന് യുഡിഎഫ് സർക്കാർ വ്യക്തമാക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. കിഫ്ബിയെ തകർക്കാനുള്ള രാഷ്ട്രീയ നീക്കത്തെ കേരളം ഒറ്റക്കെട്ടായി ചെറുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.


