കിഫ്ബി പദ്ധതികൾ വെട്ടിച്ചുരുക്കാൻ നീക്കം; വിമർശനവുമായി തോമസ് ഐസക്

കേരളത്തിന്റെ പശ്ചാത്തല വികസന രംഗത്ത് നിർണായക പങ്കുവഹിച്ച കിഫ്ബിയുടെ പദ്ധതികൾ വെട്ടിച്ചുരുക്കാനുള്ള യു.ഡി.എഫ് സർക്കാരിന്റെ നീക്കത്തിനെതിരെ മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് രംഗത്ത്. കിഫ്ബിയെ മരവിപ്പിച്ച് സ്ഥാപനത്തിന്റെ കൈവശമുള്ള കോടിക്കണക്കിന് രൂപ ട്രഷറിയിലേക്ക് മാറ്റാനാണ് നീക്കമെന്ന് അദ്ദേഹം ആരോപിച്ചു.
ഒരു ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള പദ്ധതികൾക്ക് അനുമതി നൽകിയതിൽ 25,000 കോടി രൂപയുടെ പദ്ധതികൾ മാത്രമാണ് പൂർത്തിയായത്. ഇനി പൂർത്തിയാക്കേണ്ട 22,883 കോടി രൂപയുടെ പദ്ധതികൾ മാത്രം നടപ്പാക്കിയാൽ മതിയെന്ന വിദഗ്ധ സമിതി തീരുമാനത്തോടെ കിഫ്ബി പദ്ധതികളിൽ പകുതിയോളം ഒഴിവാക്കപ്പെടുമെന്നും തോമസ് ഐസക് ആശങ്ക പ്രകടിപ്പിച്ചു.
കിഫ്ബിക്ക് ലഭിച്ചിരുന്ന മോട്ടോർ വാഹന നികുതിയുടെ ഗ്രാന്റ് നിർത്തിയതും പദ്ധതികൾക്കായി വായ്പയെടുക്കേണ്ടതില്ലെന്ന തീരുമാനവും വികസന പ്രവർത്തനങ്ങളെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


