പെട്രോൾ കയറ്റുമതി തീരുവ വർധിപ്പിച്ചു; ഡീസലിന്റേത് പകുതിയോളം കുറച്ച് കേന്ദ്രം

single-img
16 October 2026

പെട്രോളിന്റെ കയറ്റുമതി തീരുവ ഉയർത്തിയും ഡീസലിന്റേത് കുറച്ചും കേന്ദ്രസർക്കാർ. ഒക്ടോബർ 16 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. 2026 ഒക്ടോബർ 15-ന് വൈകി പുറത്തിറക്കിയ സർക്കാർ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പെട്രോളിന്റെ കയറ്റുമതി തീരുവ ലിറ്ററിന് 50 പൈസയിൽനിന്ന് 2.50 രൂപയായാണ് ഉയർത്തിയത്. അതേസമയം, ഡീസലിന്റെ കയറ്റുമതി തീരുവ ലിറ്ററിന് 16 രൂപയിൽനിന്ന് 8.50 രൂപയായി കുറച്ചു.

അസംസ്കൃത എണ്ണയുടെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും അന്താരാഷ്ട്ര വിലയിലെ മാറ്റങ്ങൾ കണക്കിലെടുത്ത് കയറ്റുമതി തീരുവ രണ്ടാഴ്ച കൂടുമ്പോൾ അവലോകനം ചെയ്ത് ക്രമീകരിക്കാറുണ്ട്. ഇന്ധന കയറ്റുമതിയിൽനിന്ന് ലഭിക്കുന്ന അസാധാരണ ലാഭത്തിന് നികുതി ചുമത്തുന്ന വിൻഡ്‌ഫോൾ നികുതി ഇന്ത്യ ആദ്യമായി ഏർപ്പെടുത്തിയത് 2022 ജൂലൈയിലാണ്.

രണ്ട് വർഷത്തിന് ശേഷം ഈ നികുതി പിൻവലിച്ചെങ്കിലും, 2026 മാർച്ചിൽ വീണ്ടും ഏർപ്പെടുത്തി. ഇറാനെതിരായ യുഎസ്-ഇസ്രായേൽ യുദ്ധത്തെത്തുടർന്ന് ആഗോള ക്രൂഡ് ഓയിൽ വില ഉയർന്ന സാഹചര്യത്തിലായിരുന്നു ഈ നടപടി.