ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സിക്സ് ; റെക്കോഡുമായി രോഹിത് ശർമ

single-img
12 November 2023

ലോകകപ്പിൽ ഇന്ന് നടന്ന നെതർലൻഡ്സിനെതിരായ മത്സരത്തിൽ റെക്കോർഡ് കുറിച്ച് രോഹിത് ശർമ്മ. ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന താരമെന്ന റെക്കോർഡാണ് കോളിൻ അക്കർമാനെ ഉയർത്തി ​ഗ്യാലറിയിൽ എത്തിച്ചതോടെ രോഹിത് ശർമ്മ സ്വന്തം പേരിലാക്കിയത്.

2023 ൽ 59-ാമത്തെ സിക്സാണ് രോഹിത് നേടിയത്. രോഹിതിന്റെ കിടിലൻ സിക്സ് 92 മീറ്റർ ദൂരത്തിലേക്ക് ചെന്ന് പതിച്ചു. 2015ൽ 58 സിക്സ് നേടിയ എബി ഡിവില്ലേഴ്സിന്റെ റെക്കോർഡാണ് ഇന്ത്യൻ നായകൻ മറികടന്നത്. 2019ൽ ക്രിസ് ​ഗെയിൽ 56 സിക്സുകൾ നേടി.

ഇന്നത്തെ നേട്ടത്തോടെ ലോകകപ്പിൽ ഒരു ടീമിന്റെ നായകനായി കൂടുതൽ സിക്സ് നേടുന്ന താരമെന്ന റെക്കോർഡും രോഹിത് ശർമ്മയ്ക്ക് സ്വന്തമായി. 23 സിക്സുകൾ നേടിയാണ് രോഹിത് റെക്കോർഡ് നേട്ടം സ്വന്തം പേരിൽ കുറിച്ചത്. 2019ലെ ലോകകപ്പിൽ ഇയാൻ മോർ​ഗന്റെ 22 സിക്സെന്ന റെക്കോർഡ് ആയിരുന്നു ഉണ്ടായിരുന്നത്.