മാതൃഭൂമി ലേഖകനെയും ഫോട്ടോഗ്രാഫറെയും നടുറോഡിൽ ഗുണ്ടകള്‍ മര്‍ദ്ദിച്ചു

single-img
22 March 2023

കൊല്ലം ജില്ലയിൽ മാതൃഭൂമി ലേഖകനെയും ഫോട്ടോഗ്രാഫറെയും ഗുണ്ടകള്‍ മര്‍ദ്ദിച്ചു. ജില്ലയിലെ പോളയത്തോട്ടിലാണ് സംഭവം. കൊല്ലം ബ്യൂറോയിലെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ അനില്‍ മുകുന്നേരി, സ്റ്റാഫ് ഫോട്ടോഗ്രാഫര്‍ സുധീര്‍ മോഹന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റതെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു.

നാലംഗ സംഘമാണ് ഇവരെ മര്‍ദ്ദിച്ചത്. പ്രതികളിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. പ്രദേശത്തേക്ക് ഒരു വാര്‍ത്തയുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു മാതൃഭൂമി ലേഖകനും ഫോട്ടോഗ്രാഫറും. അതിന്റെ ഭാഗമായി പ്രദേശത്തെ റോഡിന്റെ ചിത്രം ഫോട്ടോഗ്രാഫറായ സുധീര്‍ പകര്‍ത്തിയിരുന്നു.

എന്നാൽ ഈ റോഡിനോട് ചേര്‍ന്നുള്ള തട്ടുകടകയുടെ ചിത്രമാണ് പകര്‍ത്തിയത് എന്ന് സംശയിച്ച് പിന്തുടര്‍ന്നെത്തിയ നാലംഗ സംഘം ലേഖകനായ അനിലിനെയും സുധീറിനെയും തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു. മർദ്ദനമേറ്റ ഇരുവരെയും കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.