ഭാര്യയുടെ മുന്‍ വിവാഹത്തിലുള്ള മക്കള്‍ക്കു ജീവനാംശം നല്‍കാന്‍ പുരുഷനു ബാധ്യത; ഹൈക്കോടതി

single-img
7 March 2023

ന്യൂഡല്‍ഹി: ഭാര്യയുടെ മുന്‍ വിവാഹത്തിലുള്ള മക്കള്‍ക്കു ചെലവിനു നല്‍കുന്നതില്‍നിന്നു പുരുഷന് ഒഴിഞ്ഞുമാറാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി.

ഭാര്യയുടെ മുന്‍ വിവാഹത്തിലുള്ള മക്കള്‍ തന്റെ ഉത്തരവാദിത്വമല്ലെന്ന് പുരുഷനു വാദിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് സച്‌ദേവ, വികാസ് മഹാജന്‍ എന്നിവര്‍ വ്യക്തമാക്കി.

വിവാഹ മോചിതയായ ഭാര്യയുടെ മുന്‍ വിവാഹത്തിലുള്ള കുട്ടിക്കും ജീവനാംശം നല്‍കണമെന്ന കുടുംബ കോടതി ഉത്തരവു ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിധി.

ഒരാള്‍ നേരത്തെ കുട്ടിയുള്ള മറ്റൊരു വ്യക്തിയുമായി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുമ്ബോള്‍ ആ കുട്ടിയുടെ ഉത്തരവാദിത്വം കൂടിയാണ് ഏറ്റെടുക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. കുട്ടി തന്റെ ബാധ്യതയല്ലെന്ന് പിന്നീട് അയാള്‍ക്കു പറയാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

കേസില്‍ ഉള്‍പ്പെട്ട സ്ത്രീക്കു ആദ്യവിവാഹത്തിലെ ഒരു മകള്‍ ഉള്‍പ്പെടെ രണ്ടു പെണ്‍മക്കളാണ് ഉള്ളത്. രണ്ടാമത്തെ വിവാഹ ബന്ധം വേര്‍പെടുത്തിയ ഉത്തരവില്‍ ആദ്യ അഞ്ചു വര്‍ഷം രണ്ടു മക്കള്‍ക്കും 2500 രൂപയും പിന്നീടുള്ള അഞ്ചു വര്‍ഷം 3500 രൂപയും ചെലവിനു നല്‍കാനാണ് കുടുംബ കോടതി ഉത്തരവിട്ടത്. ശേഷം രണ്ടു കുട്ടികളും വിവാഹിതരാവുകയോ സാമ്ബത്തിക സ്വയം പര്യാപ്തത കൈവരിക്കുകയോ ചെയ്യുന്നതു വരെ അയ്യായിരം രൂപ വീതം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതു ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്.

മൂത്ത കുട്ടിയുടെ പിതാവ് മരിച്ച സൈനിക ഉദ്യോഗസ്ഥന്‍ ആണെന്നും രേഖകളില്‍ കുട്ടി സൈനികന്റെ ആശ്രിതയാണെന്നു രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. എന്നാല്‍ ഇതു വിവാഹ സമയത്തുതന്നെ ഹര്‍ജിക്കാരന് അറിയാവുന്ന കാര്യം ആണെന്നു കോടതി ചൂണ്ടിക്കാട്ടി.