യൂണിഫോം സിവിൽ കോഡ് ബിൽ അവതരിപ്പിച്ച കിരോഡി ലാൽ മീണ ബിജെപിയുടെ തീവ്ര മുഖം

single-img
10 December 2022

കഴിഞ്ഞ ദിവസം രാജ്യസഭയിൽ യൂണിഫോം സിവിൽ കോഡ് ബിൽ അവതരിപ്പിച്ച കിരോഡി ലാൽ മീണ ബിജെപിയുടെ സ്ഥിരം തീവ്ര മുഖം ആണെന്ന് രാഷ്ട്രീയ നിരീക്ഷകർ. കിരോഡി ലാൽ രാജ്യസഭയിലെ ശ്രദ്ധാകേന്ദ്രം ആകുന്നതു അപൂർവമാണെങ്കിലും സ്വന്തം സംസ്ഥാനമായ രാജസ്ഥാനിലെ മാധ്യമങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് എന്നാണു രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

മറ്റു ആദിവാസി നേതാക്കളിൽ നിന്ന് വ്യത്യസ്തമായി ബിജെപിയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ശക്തമായ വക്താവ് കൂടിയാണ് അദ്ദേഹം. എംബിബിഎസ് ബിരുദധാരിയായ കിരോഡി ലാൽ 1985ൽ ദൗസ ജില്ലയിലെ മഹ്‌വയിൽ നിന്ന് ബിജെപി ടിക്കറ്റിൽ ആദ്യമായി സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1989-ൽ അദ്ദേഹം തന്റെ ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചു. രാജസ്ഥാനിലെ ജനസംഖ്യയുടെ 13.48%, ഗോത്രവർഗ്ഗക്കാർ സംസ്ഥാനത്ത് ഒരു പ്രധാന വോട്ട് ബാങ്കാണ്. ഇവരിൽ മീണ വിഭാഗക്കാരാണ് ഭൂരിപക്ഷം.

പരമ്പരാഗതമായി കോൺഗ്രസിന്റെ വോട്ടറന്മാരായിരുന്ന മീണ വിഭാഗക്കാരെ ബിജെപിയിൽ എത്തിക്കുന്നതിൽ വലിയ പങ്കു വഹിച്ച നേതാവ് കൂടെയാണ് കിരോഡി ലാൽ മീണ. ജനക്കൂട്ടത്തെ ആകർഷിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സമ്പത്താണ് എന്നാണു എതിരാളികൾ പോലും പറയുന്നത്.

2003-2008 കാലത്ത് വസുന്ധര രാജെ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ആദ്യ രാജസ്ഥാൻ സർക്കാരിൽ കിരോഡി ലാൽ ക്യാബിനറ്റ് മന്ത്രിയായിരുന്നു. സിന്ധ്യയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ 2008-ൽ പാർട്ടി വിടുന്നതിലേക്ക് നയിച്ചു. 2016ൽ കൂട്ടബലാത്സംഗക്കേസിൽ കിരോഡി ലാലിനൊപ്പം മറ്റ് 12 പേർക്കെതിരെയും പോലീസ് കേസെടുത്തിരുന്നു. രാജെ സർക്കാർ കേസ് സിഐഡി-സിബിക്ക് കൈമാറി. എന്നാൽ പിന്നീട്, 2018 മാർച്ചിൽ, ഒരു അപ്രതീക്ഷിത നീക്കത്തിൽ, കിരോഡി ലാൽ ബിജെപിയിലേക്ക് മടങ്ങി എത്തുകയായിരുന്നു. തുടർന്ന് ബിജെപി കിരോഡി ലാലിനെ രാജ്യസഭാ എംപിയാക്കി.