കോൺഗ്രസിലേക്ക് തിരികെവരുമോ?; സോണിയ ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി മമതാ ബാനർജി

single-img
10 June 2026

തൃണമൂൽ കോൺഗ്രസിൽ സമാനതകളില്ലാത്ത പ്രതിസന്ധി തുടരുന്നതിനിടെ കോൺഗ്രസ് ചെയർപേഴ്സൺ സോണിയ ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി മമത ബാനർജി. ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി കോണ്‍ഗ്രസിലേക്ക് മടങ്ങിയേക്കും എന്ന അഭ്യൂഹവും ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ശക്തമാകുന്നുണ്ട്. 2021ന് ശേഷം ആദ്യമായാണ് മമത ബാനര്‍ജി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്സണെ 10 ജന്‍പഥിലെ ഔദ്യോ​ഗിക വസതിയിലെത്തി കണ്ടതെന്നതും ശ്രദ്ധേയമാണ്.

കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടതായാണ് വിവരം. ഇന്ത്യാ സഖ്യത്തിന്റെ യോഗത്തില്‍ സോണിയ ​ഗാന്ധിയും മമത ബാനർജിയും പരസ്പരം കെട്ടിപ്പിടിക്കുകയും പിന്നീട് അടുത്തടുത്ത് ഇരിക്കുകയും ചെയ്തിന്റെ ചിത്രങ്ങൾ ഏറെ ചർച്ചയായിരുന്നു. നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസിനെ പിളർത്താൻ ഉള്ള ബിജെപി നീക്കം പൊളിക്കാൻ തൃണമൂൽ കോൺഗ്രസ്, കോൺഗ്രസിൽ ലയിക്കണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് അടക്കം പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് മമത ബാനർജി സോണിയ ഗാന്ധിയെ വസതിയിൽ എത്തി കണ്ടത്.

അതേസമയം വിമതരെ ഒപ്പം കൂട്ടാനുള്ള ശ്രമങ്ങൾ അഭിഷേക് ബാനർജിയും നടത്തുന്നുണ്ട്. ബംഗാള്‍ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് രപിന്നാലെ മമത ബാനര്‍ജി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഒരു വിഭാഗം എംഎല്‍എമാര്‍ വിമതസ്വരം ഉയര്‍ത്തിയിരുന്നു.

പിന്നാലെ നിരവധി എംപിമാരും സമാനമായ രീതിയില്‍ പാർട്ടിക്കുള്ളിൽ കലാപത്തിനൊരുങ്ങി. 20 ഓളം വിമതരാണ് എൻഡിഎക്കൊപ്പം ചേരാനുള്ള നീക്കം നടത്തുന്നത്. സുവേന്ദു ശേഖർ റോയ് രാജ്യസഭാംഗത്വം രാജിവച്ചതോടെയാണ് എംപിമാരുടെ വിമത നീക്കത്തിന് തുടക്കമായത്.