രാജ്യത്തെ തീവ്ര വർഗീയതയുടെ മുഖ്യ കാരണക്കാർ ആർഎസ്എസ്: എ വിജയരാഘവൻ
കേരളത്തിൽ ഒരു വിഭാഗം വ്യാപകമായി അക്രമം നടത്തുമ്പോൾ സംസ്ഥാന സർക്കാർ നോക്കി നിൽക്കുകയല്ല ചെയ്തതെന്ന് സിപിഎം പിബി അംഗം എ.വിജയരാഘവൻ. ഇതിനെതിരെ ശക്തമായ നടപടി പൊലീസ് സ്വീകരിക്കുന്നുണ്ട്. അതിനാലാണ് വലിയ കുഴപ്പം ഒഴിവായത്.
ഹർത്താലിൽ ഒരു ചെറിയ വിഭാഗം ഒളിച്ചിരുന്നാണ് ആക്രമണം നടത്തിയത്. ഒരു തീവ്രവാദികളുടെയും തെറ്റിനെ ന്യായീകരിക്കാൻ സിപിഎം നിൽക്കില്ലെന്നും വർഗീയതയെ സമൂഹവും തള്ളിപ്പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹർത്താൽ ആക്രമണങ്ങളുടെ പേരിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ടുകാർക്കെതിരെ നേരത്തെയും അന്വേഷണം നടന്നിട്ടുണ്ടെന്നും എ.വിജയരാഘവൻ അറിയിച്ചു.
രാജ്യത്ത് ഇപ്പോഴുള്ള തീവ്ര വർഗീയതയുടെ മുഖ്യ കാരണക്കാർ ആർഎസ്എസ് ആണെന്ന് വിജയരാഘവൻ ആരോപിച്ചു. രാജ്യമാകെ എല്ലാ കാലത്തും വർഗീയതയെ ഉപയോഗിച്ചത് സംഘപരിവാർ സംഘടനകളാണ്. ഇപ്പോൾ ഇതിന്റെ മറുപുറം എന്ന നിലയിലാണ് ന്യൂനപക്ഷ വർഗീയതയും പ്രവർത്തിക്കുന്നത്.
ജോഡോ യാത്രയിൽ പ്രതികരിച്ച അദ്ദേഹം, രാഹുൽ ഗാന്ധി അടുത്ത തവണയും പ്രധാനമന്ത്രിയാകുമെന്ന് പറയാനാവില്ല എന്ന് പറഞ്ഞു. കോൺഗ്രസിന്റെ അധ്യക്ഷനായി ആരു വന്നാലും ആ പാർട്ടി ഇന്നത്തെ നിലയിൽ രക്ഷപ്പെടുമെന്ന് പറയാനാകില്ലഎന്നും എ വിജയരാഘവൻ കൂട്ടിച്ചേർത്തു.