ആർഎസ്എസ് നിലപാട് കേരളത്തിൽ നടപ്പാക്കാൻ ഗവർണർ ശ്രമിക്കുന്നു: എം വി ഗോവിന്ദൻ

single-img
26 October 2022

ഗവർണർ കേരളത്തിൽ ആർഎസ്എസ് നിലപാട് നടപ്പാക്കാൻ ശ്രമിക്കുകയാണ് എന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഗവർണറുടെ വ്യക്തിപരമായ പ്രീതിക്ക് പ്രസക്തിയില്ലെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയും മന്ത്രിസഭയും എടുക്കുന്ന നിലപാടാണ് ഗവർണർക്ക് ബാധകം. സുപ്രീംകോടതി ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഗവർണറുടെ നിലപാടുകൾ ആർഎസ്എസ് ബിജെപി സമീപനത്തിന്റെ ഭാഗമാണ്. ആ നിലപാടുകൾ എങ്ങനെ കേരളത്തിൽ നടപ്പാക്കാനാകുമെന്ന് നോക്കുകയാണ്. ആഎസ്എസ്-ബിജെപി പ്രീതിയാണ് ഗവർണർ നോക്കുന്നതെന്നും കേരളത്തിൽ അവർക്ക് അനുകൂലമായി കാര്യങ്ങൾ എങ്ങനെ മാറ്റാമെന്നാണ് നോക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

കേരളം നിർമ്മിച്ച നിയമത്തിന്‍റെ ആനുകൂല്യത്തിലാണ് ഗവർണർ ചാൻസിലർ പദവിയിൽ ഇരിക്കന്നത് എന്നോർക്കണമെന്നും എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗവർണറെ ചാൻസിലറാക്കണമെന്ന് ഒരു യുജിസിയും പറയുന്നില്ല. നിയമപരമായി ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും ഒരു സാധ്യതയും വിട്ടുകളയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. ഭരണപരവും നിയമപരവുമായ വഴിയിൽ ഗവർണർ വരണം. ഗവർണർക്ക് കീഴടങ്ങില്ലെന്നും യാതൊരു വിധ ഒത്തുതീർപ്പിന് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.