ഡല്‍ഹി സര്‍ക്കാരിനെതിരെ കുരുക്കുമുറുക്കി ലഫ്റ്റനന്റ് ഗവര്‍ണര്‍

single-img
11 September 2022

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിനെതിരെ കുരുക്കുമുറുക്കി ലഫ്റ്റനന്റ് ഗവര്‍ണര്‍. ഡല്‍ഹി സര്‍ക്കാര്‍ ലോഫ്‌ളോര്‍ ബസ് വാങ്ങിയതില്‍ അഴിമതി ഉണ്ടെന്ന പരാതിയില്‍ സിബിഐ അന്വേഷണത്തിന് ലഫ്റ്റനന്റ് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തു.

ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ലഫ്റ്റനന്റ് ഗവര്‍ണറുടെ നടപടി.

മദ്യനയക്കേസില്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ ശുപാര്‍ശയിന്മേലാണ് സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കമുള്ളവര്‍ കേസില്‍ പ്രതികളാണ്. ഇതിന് പിന്നാലെയാണ് ഡല്‍ഹി സര്‍ക്കാര്‍ ലോഫ്‌ളോര്‍ ബസ് വാങ്ങിയതില്‍ അഴിമതി ഉണ്ടെന്ന പരാതിയിലും സിബിഐ അന്വേഷണത്തിന് ലഫ്റ്റനന്റ് ഗവര്‍ണര്‍ ശുപാര്‍ശ നല്‍കിയത്.

കഴിഞ്ഞവര്‍ഷം ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ 1000 ലോഫ്‌ളോര്‍ ബസുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം ഉയര്‍ന്നത്. ബസുകള്‍ വാങ്ങുന്നതിനും വരുംവര്‍ഷങ്ങളില്‍ ബസുകള്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിനും രണ്ടു കരാറുകളാണ് നല്‍കിയിരുന്നത്. ഈ കരാറുകള്‍ ടെന്‍ഡര്‍ ചെയ്യുന്നതിലടക്കമുള്ള നടപടികളില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം. ജൂണിലാണ് ഇതുസംബന്ധിച്ച്‌ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചത്.