ക്ഷേത്രങ്ങളിലെ നിവേദ്യത്തിനും പൂക്കളത്തിനും അരളി പൂവ് തേടി പോകുന്നവര്‍ ജാഗ്രത; മുന്നറിയിപ്പുമായി വനം വകുപ്പ്

single-img
16 January 2024

അരളി പൂവ് സുരക്ഷിതമല്ലെന്ന മുന്നറിയിപ്പുമായി വനം വകുപ്പ് രംഗത്ത്. അമ്പലങ്ങളിൽ നിവേദ്യത്തിനടക്കം അരളി പൂവ് ഉപയോഗിക്കാറുണ്ട്. എന്നാൽ വിഷാംശമുള്ള ഈ സസ്യവും പൂവും ശരീരത്തിനകത്ത് എത്തിയാല്‍ കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നാണ് വനം വകുപ്പിന്റെ മുന്നറിയിപ്പ്.

ക്ഷേത്രങ്ങളിലെ നിവേദ്യത്തിനും പൂക്കളത്തിനും അരളി പൂവ് തേടി പോകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് വനം വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്.അരളിയുടെ ഇലയിലും വേരിലും കായയിലും പൂവിലുമെല്ലാം വിഷാംശമുണ്ട്. ഇവ മനുഷ്യ ശരീരത്തിലെത്തിയാല്‍ ഹാനികരമാണത്. അരളിച്ചെടിയുടെ ഭാഗങ്ങള്‍ ചെറിയ അളവിലെങ്കിലും ശരീരത്തിലെത്തിയാല്‍ നിര്‍ജലീകരണം, ഛര്‍ദി, വയറിളക്കം തുടങ്ങിയവ ഉണ്ടാകും. വലിയ അളവിലായാല്‍ ഗുരുതര അവസ്ഥക്കും കാരണമാകും.

നീരിയം ഒലിയാൻഡര്‍ എന്നതാണ് അരളിയുടെ ശാസ്ത്രീയ നാമം. ഇതിലുള്ള കറകളിലെ ലെക്റ്റിനുകളാണ് വിഷത്തിനു കാരണമാകാറുള്ളത്. ഇത് മനുഷ്യ ശരീരത്തില്‍ എത്തിയാല്‍ കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും.
നേരത്തെ സുലഭമായിരുന്ന തെച്ചി പൂവിന്റെ ലഭ്യത കുറഞ്ഞതോടെയാണ് ക്ഷേത്രങ്ങളില്‍ നിവേദ്യത്തിനും അര്‍ച്ചനയ്ക്കുമായി അരളി പൂവ് ഉപയോഗിച്ച്‌ തുടങ്ങിയത്. ഇതിനെ തുടർന്നാണ് മുന്നറിയിപ്പുമായി വന ഗവേഷകര്‍ രംഗത്തെത്തിയത്.