ദുരിതാശ്വാസഫണ്ട് വകമാറ്റിയതില്‍ മുഖ്യമന്ത്രിക്കെതിരായ കേസില്‍ വിധി പറയാതെ ലോകായുക്ത, പരാതിക്കാരന്‍ ഹൈക്കോടതിയിലേക്ക്

single-img
19 March 2023

ദുരിതാശ്വാസഫണ്ട് വകമാറ്റിയതില്‍ മുഖ്യമന്ത്രിക്കെതിരായ കേസില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷമായിട്ടും വിധി പറയാത്ത ലോകായുക്ത നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ പരാതിക്കാരന്‍.

കേസില്‍ വാദം പൂര്‍ത്തിയായിട്ട് ഇന്നലെ ഒരു വര്‍ഷം പിന്നിട്ടിരുന്നു.കേസ് കണക്കിലെടുത്ത് ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്ന ബില്‍ നിയമസഭ പാസ്സാക്കിയെങ്കിലും ഇതുവരെ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ല.

രാഷ്ട്രീയകേരളം ആകാംക്ഷയോടെ വിധി കാത്തിരിക്കുന്ന കേസ്. കേസിന്‍റെ പേരില്‍ ലോകായുക്തയുടെ ചിറകരിയാന്‍ നിയമം വരെ കൊണ്ടുവന്ന സര്‍ക്കാര്‍. വന്‍ രാഷ്ട്രീയ കോളിളക്കമുണ്ടായ സംഭവങ്ങള്‍ക്കിടെയാണ് കേസില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷം പിന്നിട്ടത്. മുഖ്യന്ത്രി പിണറായി വിജയനും കഴിഞ്ഞ മന്ത്രിസഭയിലെ 18 പേര്‍ക്കുമെതിരെയാണ് കേസ്. വാദം പൂര്‍ത്തിയായ കേസുകളില്‍ ആറുമാസത്തിനുള്ളില്‍ വിധി പറയണമെന്ന സുപ്രീം കോടതിയുടെ പരാമര്‍ശത്തിന്‍റെ ചുവട് പിടിച്ചാണ് ലോകായുക്തക്കെതിരായ പരാതിക്കാരന്‍ ആര്‍എസ് ശശികുമാറിന്‍റെ നീക്കം. ലോകായുക്ത രജിസ്ട്രാര്‍ക്കെതിരായാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ഹാറൂണ്‍ അല്‍ റഷീദുമാണ് വിധി പറയേണ്ടത്. വാദത്തിനിടെ സര്‍ക്കാരിനെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ പലതും ലോകായുക്തയില്‍ നിന്നുണ്ടായി. സര്‍ക്കാര്‍ പണം ഇഷ്ടം പോലെ ചെലവഴിക്കാമോ എന്ന ചോദ്യം വരെ ഉയര്‍ന്നു.

അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്‍റെ മക്കളുടെ വിദ്യാഭ്യാസചെലവിന് 25 ലക്ഷവും അന്തരിച്ച എംഎല്‍എ കെ.കെ.രാമചന്ദ്രന്‍റെ മകന് ജോലിക്ക് പുറമെ സ്വര്‍ണ്ണപണയം തിരിച്ചെടുക്കുന്നതിനും കാര്‍ വായ്പക്കുമായി എട്ടര ലക്ഷവും കോടിയേരി ബാലകൃഷ്ണന്‍റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട മരിച്ച സിവില്‍ പൊലീസ് ഓഫീസറുടെ ഭാര്യക്ക് 20 ലക്ഷവും ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ചതിലായിരുന്നു പരാതി.

ലോകായുക്ത പതിനാലാം വകുപ്പ് പ്രകാരം വിധി എതിരായാല്‍ മുഖ്യമന്ത്രിക്ക് സ്ഥാനമൊഴിയേണ്ട സ്ഥിതിയാണ്. നേരത്തെ കെടി ജലീലിന് മന്ത്രിസ്ഥാനം പോയത് ഈ വകുപ്പ് പ്രകാരമായിരുന്നു. 14 ാം വകുപ്പ് ഭേദഗേതി ചെയ്താണ് സര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നത്. മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭക്കും മന്ത്രിമാര്‍ക്കെതിരായ വിധി മുഖ്യമന്ത്രിക്കും പുനപരിശോധിക്കാന്‍ വ്യവസ്ഥയുള്ള ബില്‍ കഴിഞ്ഞ ഓഗസ്റ്റ് 30 നാണ് പാസ്സാക്കിയത്. പക്ഷെ ഗവര്‍ണര്‍ ഇതടക്കമുള്ള വിവാദ ബില്ലില്‍ ഇതുവരെ തൊട്ടിട്ടില്ല. കേസില്‍ ഇനി ഹൈക്കോടതി നിലപാടാണ് പ്രധാനം