മദ്യനയ വിഷയം; ഒരു രൂപപോലും ബാർ അസോസിയേഷൻ ആരിൽ നിന്നും വാങ്ങിയിട്ടില്ല : പ്രസിഡന്റ് വി സുനിൽകുമാർ

single-img
24 May 2024

സംസ്ഥാനത്തെ വിവാദമായ മദ്യനയ വിഷയത്തിൽ ഒരു രൂപയും ബാർ അസോസിയേഷൻ ആരിൽ നിന്നും വാങ്ങിയിട്ടില്ലെന്ന് അസോസിയേഷൻ പ്രസിഡന്റ് വി സുനിൽകുമാർ. ഈ സർക്കാർ അത്തരത്തിൽ ഒരാവശ്യത്തിനും ഞങ്ങളെ സമീപിച്ചിട്ടില്ല.

ലൈസൻസ് നേടാനായി ഒരു രൂപ പോലും ഞങ്ങളിൽ നിന്ന് വാങ്ങിയിട്ടില്ല. കോഴ നൽകണമെന്ന ശബ്ദരേഖയുടെ ഉടമ അനുമോന്റെ നേതൃത്വത്തിൽ മറ്റൊരു സംഘടന ഉണ്ടാക്കാൻ ശ്രമം നടന്നു. ഈ വിഷയം കഴിഞ്ഞ ദിവസത്തെ എക്സിക്യൂട്ടീവിൽ ചർച്ച ചെയ്തു. ഇതിനെ തുടർന്ന് അനുമോനെ പുറത്താക്കുകയും ചെയ്തു.

ഡ്രൈ ഡേ ഒഴിവാക്കണമെന്ന് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന 25 ഓളം ഹോട്ടലുടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ബാർ ലൈസൻസ് വർദ്ധിപ്പിക്കുന്നതിൽ ശക്തമായ അഭിപ്രായ വ്യത്യാസം ഞങ്ങൾക്കുണ്ട്. ബാർ ഹോട്ടലുകളുടെ കച്ചവടം 40% താഴേക്ക് പോയി.

അതുകൊണ്ട് സമയം കൂട്ടി നൽകണമെന്നും ഡ്രൈ ഡേ ഒഴിവാക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു. ശബ്ദം അനുമോൻ്റെത് ആണെങ്കിൽ അനുമോനെ സസ്പെൻഡ് ചെയ്തതിന് ശേഷം ഓഡിയോ ഇട്ടതാകാം. സസ്പെൻഡ് ചെയ്യപ്പെടുന്ന ആൾക്ക് എന്തും പറയാം. പുറത്തുവന്ന ഓഡിയോയ്ക്ക് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ട്. ഞങ്ങൾ ആരിൽ നിന്നും പണം പിരിച്ചിട്ടില്ല. എല്ലാത്തിനും കൃത്യമായ രേഖകൾ ഉണ്ട്. ബാങ്ക് അക്കൗണ്ട് മുഖേനയാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്.

സർക്കാരിനെ തുക നൽകണമായിരുന്നെങ്കിൽ പണ്ടേ ഞങ്ങൾ നൽകണമായിരുന്നു. പക്ഷേ ഒരു രൂപ പോലും വാങ്ങാതെയാണ് ഈ സർക്കാർ ഞങ്ങൾക്ക് വ്യവസായം തുറന്നു തന്നതെന്നും സുനിൽകുമാർ പറഞ്ഞു.