ലിപ്സ്റ്റിക് വില്ലനായി; ചെന്നൈ കോർപ്പറേഷനിലെ ആദ്യ വനിതാ ദഫേദാറിനെ സ്ഥലം മാറ്റി
ഡ്യൂട്ടി സമയം കടുംനിറമുള്ള ലിപ്സ്റ്റിക് ഉപയോഗിക്കരുത് നിർദേശം പാലിക്കാത്ത കാരണത്താൽ വനിതാ ദഫേദാറിനെതിരെ നടപടി. ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനിലെ ആദ്യ വനിതാ ദഫേദാറായ എസ് ബി മാധവിയെ സ്ഥലം മാറ്റി.
മേയറുടെ സംഘത്തിലുണ്ടായിരുന്ന ആദ്യ വനിത ആയിരുന്നു മാധവി. ഈ സെപ്തംബറിൽ ജോലിക്കിടെ ലിപ്സ്റ്റിക്ക് അണിയരുതെന്ന് മാധവിക്ക് നിർദ്ദേശം നനല്കിയെങ്കിലും ഇത് അനുസരിച്ചിരുന്നില്ല. പിന്നാലെയാണ് സ്ഥലം മാറ്റ നടപടി. നിലവിൽ കോർപ്പറേഷനിലെ തന്നെ മണലി സോണിലേക്കാണ് മാധവിയെ സ്ഥലം മാറ്റിയിരിക്കുന്നത്.
അവിടെ ഈ പോസ്റ്റിൽ ആളൊഴിഞ്ഞ് കിടക്കുകയായിരുന്നു. നേരത്തെ വനിതാ ദിനത്തിൽ വനിതാ ദഫേദാർ ഫാഷൻ ഷോയിൽ പങ്കെടുത്തത് ഏറെ വിമർശനത്തിന് വഴി തെളിച്ചിരുന്നുവെന്നാണ് ഡിഎംകെ പ്രവർത്തകയായ മേയർ പ്രിയ പറയുന്നത് . ഈ കാര്യം മാധവിയോട് വിശദമാക്കിയിരുന്നുവെന്നും എംബസിയിൽ നിന്ന് അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥിരം എത്തുന്ന ഓഫീസ് ആയതിനാൽ കടുംനിറത്തിലുള്ള ലിപ്സ്റ്റിക് ഇടരുതെന്ന് പി എ ആവശ്യപ്പെട്ടതായും മേയർ മാധ്യമങ്ങളോട് പറഞ്ഞു.
അൻപതു വയസുള്ള മാധവിക്ക് മേയർ പ്രിയയുടെ പേഴ്സണൽ അസിസ്റ്റന്റ് ശിവ ശങ്കറിൽ നിന്ന് ചോദ്യം നേരിട്ടതിന് പിന്നാലെയാണ് സ്ഥലം മാറ്റ ഉത്തരവ് ലഭിച്ചത്. ഓഗസ്റ്റ് ആറിന് ലഭിച്ച മെമ്മോയ്ക്ക് മാധവി മറുപടി നൽകിയതിന് പിന്നാലെയാണ് സ്ഥലം മാറ്റം.
” എന്നോട് ലിപ്സ്റ്റിക്ക് ധരിക്കരുതെന്ന് നിങ്ങൾ പറയുന്നു. അത് ഒരു കുറ്റകൃത്യമാണെങ്കിൽ ലിപ്സ്റ്റിക് ധരിക്കരുതെന്ന് വിശദമാക്കുന്ന സർക്കാർ ഉത്തരവ് കാണിക്കൂ”- എന്നായിരുന്നു മാധവി മെമ്മോയ്ക്ക് മറുപടി നൽകിയത്. മാത്രമല്ല, ഇതുപോലെയുള്ള നിർദ്ദേശങ്ങൾ മനുഷ്യാവകാശ ലംഘനങ്ങളാണെന്നാണ് മാധവി മാധ്യമങ്ങളോട് പ്രതികരിച്ചത്.