രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നിയമനടപടികളെ പൂര്‍ണ്ണമായും സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാല്‍

രാഹുൽ മാങ്കൂട്ടത്ത് എംഎൽഎക്കെതിരായ കേസിൽ നിയമനടപടികളെ പൂർണ്ണമായും സ്വാഗതം ചെയ്യുന്നതായി എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ . “രാജ്യത്ത് നിയമമുണ്ട്, അതിന് അതിന്റെ വഴിക്ക് പോകാൻ അനുവദിക്കട്ടെ. നിയമനടപടികളെ ഞങ്ങൾ പൂർണ്ണമായും സ്വാഗതം ചെയ്യുന്നു,” എന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയിലെ ചില നേതാക്കൾ രാഹുലിനെ സംരക്ഷിക്കുന്നുവെന്ന ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിന് വേണുഗോപാൽ പ്രതികരിച്ചത് ഇങ്ങനെ: “അവയെല്ലാം തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന കാര്യങ്ങളാണ്. സംഭവം പുറത്തുവന്നതോടെ തന്നെ രാഹുലിനെ യൂത്ത് കോൺഗ്രസ് പ്രസിഡന്റിന്റെ സ്ഥാനത്ത് നിന്ന് നീക്കുകയും പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്യുകയും ചെയ്‌തു. പാർട്ടിയിൽ നിന്ന് സസ്‌പെൻഷൻ എന്നത് കർശനമായ നടപടി തന്നെയാണ്. നിയമസഭാ സമ്മേളന സമയത്ത് കോൺഗ്രസ് പാർലമെന്ററി പാർട്ടിയിലും അദ്ദേഹം ഉണ്ടായിരുന്നില്ല. ഒരു ആരോപണം ഉയർന്നാൽ എടുക്കാവുന്ന പരമാവധി നടപടികളാണ് പാർട്ടി സ്വീകരിച്ചത്.”
സമാനമായ ആരോപണങ്ങൾ മറ്റ് പാർട്ടികളിൽ ഉയർന്നപ്പോൾ എന്തായിരുന്നു അവിടെയുള്ള സമീപനമെന്ന് മാധ്യമപ്രവർത്തകരോട് ചോദിച്ചുകൊണ്ടാണ് വേണുഗോപാൽ പ്രതികരണം തുടരുന്നത്. “രാഹുലിനെ സംബന്ധിച്ച കേസിൽ നിയമം തന്റെ വഴിക്കുപോകട്ടെ. മറ്റ് കാര്യങ്ങൾ ഉണ്ടെങ്കിൽ അതിനെക്കുറിച്ച് കേരളത്തിലെ കോൺഗ്രസ് അന്വേഷിക്കും. പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്ത ഒരാൾ പാർട്ടി പരിപാടികളിൽ പങ്കെടുക്കാൻ പാടില്ല,” എന്നും അദ്ദേഹം വ്യക്തമാക്കി.


