വാഴക്കുല എഴുതിയത് വൈലോപ്പിള്ളി; ചിന്ത ജെറോമിന്റെ പ്രബന്ധത്തിന് നൽകിയ ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് ലളിത ചങ്ങമ്പുഴ

single-img
28 January 2023

സംസ്ഥാന യുവജനക്കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ തെറ്റുകൾ നിറഞ്ഞ ഗവേഷണ പ്രബന്ധ വിവാദത്തോട് പ്രതികരിച്ച് ചങ്ങമ്പുഴയുടെ മകൾ ലളിത. വാഴക്കുല എന്ന കവിത എഴുതിയത് വൈലോപ്പിള്ളിയെന്ന് പരാമർശമുള്ള പ്രബന്ധത്തിന് നൽകിയ ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് ലളിത ചങ്ങമ്പുഴ മലയാളത്തിലെ ഒരു ചാനലിനോട് സംസാരിക്കവെ പറഞ്ഞു.

ചിന്തയുടെ ഗൈഡിന് പറ്റിയ പിഴവ് ക്ഷമിക്കാൻ ആവാത്തതാണെന്നും തെറ്റ് രേഖപ്പെടുത്തിയ പ്രബന്ധത്തിന് എങ്ങനെ ഡോക്ടറേറ്റ് നൽകാൻ കഴിയുമെന്നും ലളിത ചങ്ങമ്പുഴ ചോദിക്കുന്നു. ചിന്ത തനിക്ക് പറ്റിയ ”വാഴക്കുല” തെറ്റുകളൊക്കെ തിരുത്തി രണ്ടാമത് വേറൊരു പ്രബന്ധം അവതരിപ്പിക്കണം. തെറ്റുപറ്റിയ പ്രബന്ധം ക്യാൻസൽ ചെയ്യണം.

ഒരിക്കൽക്കൂടി നന്നായി ശ്രദ്ധിച്ച് ”വാഴക്കുല” തന്നെ അൽപം വിപുലീകരിച്ച് മാറ്റങ്ങൾ വരുത്തി എഴുതുക. നിലവിൽ നോക്കിയ ആളുകൾ തന്നെ രണ്ടാമതും നോക്കണം. രണ്ടാമതും പ്രബന്ധം അവതരിപ്പിച്ചാൽ കുട്ടിക്ക് ഡോക്ടറേറ്റ് കൊടുക്കണം. ഒരു പരീക്ഷയ്ക്ക് പൂജ്യം മാർക്ക് കിട്ടിയിട്ട് അത് നൂറാണെന്ന് എങ്ങനെ കരുതും. ഒരു വിദ്യാർത്ഥിയോട് ക്ഷമിക്കാനാകും പക്ഷെ ഗൈഡിനോട് അത് പറ്റില്ലെന്നും ലളിത ചങ്ങമ്പുഴ അഭിപ്രായപ്പെട്ടു.