ഗവര്‍ണര്‍ സഭയെ കൊഞ്ഞനം കുത്തി: പി കെ കുഞ്ഞാലിക്കുട്ടി

single-img
25 January 2024

സംസ്ഥാന സര്‍ക്കാരിന്റെ നയപ്രഖ്യാപനം പൂര്‍ണമായി വായിക്കാതെ മടങ്ങിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടി. ഗവര്‍ണര്‍ നിയമ സഭയെ കൊഞ്ഞനം കുത്തിയെന്നും ഗവര്‍ണര്‍ വരുന്നത് കണ്ടു പോകുന്നതും കണ്ടു എന്നുമാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്.

സഭയിൽ ഇരുന്ന പ്രതിപക്ഷ നിരയിലേക്ക് ഗവര്‍ണര്‍ നോക്കിയത് പോലുമില്ലെന്നും, ഇത് നിയമസഭയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം നിയമസഭയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആഞ്ഞടിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിവിധ വിഷയങ്ങള്‍ ഉണ്ട്. സര്‍ക്കാരിന്റെ കയ്യില്‍ ഒന്നിനും കാശില്ല. നന്നായി പ്രവര്‍ത്തിക്കാനും പറ്റുന്നില്ല. സര്‍ക്കാര്‍ നിശ്ചലമായി നില്‍ക്കുകയാണ്. അത് നിയമസഭയില്‍ പ്രതിഫലിക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സർക്കാരിൽ നിന്നും ആവശ്യമായ ഫണ്ട് വാങ്ങി എടുക്കേണ്ട ആദ്യ ചുമതല സംസ്ഥാനത്തിന്റേതാണ്. ആ കാര്യത്തിൽ വീഴ്ച ഉണ്ടായിട്ടുണ്ട്. ഉഭയകക്ഷി ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. യുഡിഎഫുമായി ആദ്യ റൗണ്ട് ചര്‍ച്ച കഴിഞ്ഞതിനുശേഷമേ പാര്‍ട്ടിയുടെ കാര്യങ്ങള്‍ പറയാന്‍ കഴിയൂ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.