സംഘികൾക്ക് കപ്പം കൊടുത്ത് ജീവിക്കുന്നതിലും നല്ലത് തൂങ്ങിച്ചാവുന്നതാണ്: കെടി ജലീൽ
ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ മറ്റുള്ളവർക്കൊക്കെ കൊടുക്കുന്ന സംഭാവനയേ അവനവൻ്റെ കഴിവനുസരിച്ച് ബി.ജെ.പിക്കും കൊടുക്കാവൂ എന്ന് മുൻ മന്ത്രി കെ ടി ജലീൽ. ഭീഷണിക്ക് വഴങ്ങി ഒരു രൂപ പോലും അധികം കൊടുത്ത് പോകരുത്.
ഓരോരുത്തരും സാമ്പത്തിക ഇടപാടുകൾക്ക് കൃത്യമായ കണക്കും കയ്യും സൂക്ഷിക്കുക. ശരിയായി നികുതി കൊടുത്ത് കേന്ദ്ര ഭരണക്കാരുടെ ഭയപ്പെടുത്തലുകളിൽ നിന്ന് മോചനം നേടുക. സംഘികൾക്ക് “കപ്പം” കൊടുത്ത് ജീവിക്കുന്നതിലും നല്ലത് തൂങ്ങിച്ചാവുന്നതാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
അതീഖ് അഹമ്മദിന് 1400 കോടിയുടെ അനധികൃത സമ്പാദ്യമുണ്ടെന്നാണ് ബി.ജെ.പി അനുകൂലികളുടെയും ഠാക്കൂർ വിലക്കെടുത്ത മാധ്യമങ്ങളുടെയും മറ്റൊരാരോപണം. അതീഖിനെക്കാളധികം അനധികൃത സമ്പാദ്യങ്ങളുള്ള എത്ര പേർ ഇന്ത്യയിലുണ്ട്? എന്തൊക്കെ നടപടികളാണ് കേന്ദ്ര സർക്കാർ അവർക്കെതിരെ സ്വീകരിച്ചതെന്നും ജലീൽ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
തെരുവിൽ വെടിയേറ്റു വീണ അതീഖ് അഹമ്മദും സഹോദരനും?
“എൻ്റെ മുന്നിൽ ഒരുപാട് യുവാക്കളുണ്ട്. നിങ്ങളിൽ വിജ്ഞാനമുള്ളവരും ഇല്ലാത്തവരും ഉണ്ടാകും. അറിവ് വളരെ പ്രധാനമാണ്. പഠിക്കാത്തവർ പഠിക്കണം. മദ്രസ്സയിലോ സ്കൂളിലോ എവിടെപ്പോയിട്ടാണെങ്കിലും നിങ്ങൾ അറിവ് ആർജിക്കണം. വലിയ ജോലി കിട്ടാൻ വേണ്ടിയിട്ടല്ല. ട്രക്ക് ഡ്രൈവറോ കൂലിപ്പണിക്കാരനോ ആണെങ്കിലും വിജ്ഞാനം അനിവാര്യമാണ്. എനിക്ക് ദൈവം ഒരുപാട് കഴിവുകൾ തന്നു. പക്ഷെ വേണ്ടത്ര അറിവ് നേടാൻ സാധിച്ചില്ല. ആ ഒരവസ്ഥ നിങ്ങൾക്കുണ്ടാകരുത്”.
തെരുവിൽ “പ്രകൃതി നിയമത്തിന്” വിധേയനായി വെടിയേറ്റു വീണ അതീഖ് അഹമ്മദ് എന്ന മുൻ എം.പിയുടെ അഞ്ച് തവണ തുടർച്ചയായി എം.എൽ.എയായ വ്യക്തിയുടെ വാക്കുകളാണ് മുകളിൽ. (പ്രസംഗത്തിൻ്റെ വീഡിയോ ക്ലിപ്പിംഗ് താഴെ)
”ഗുണ്ടാ തലവൻ”എന്നും കൊലക്കേസുകളിലെ പ്രതിയെന്നും യോഗി സർക്കാരും മാധ്യമങ്ങളും ആരോപിക്കുന്ന അതീഖ് അഹമ്മദ് കുറ്റവാളിയെങ്കിൽ വിചാരണ നടത്തി തൂക്കുകയർ വാങ്ങിക്കൊടുക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത്?
അതിന് കഴിയില്ലെന്ന ബോദ്ധ്യമാണോ യു.പി മന്ത്രിമാരുടെ ഭാഷയിൽ പറഞ്ഞാൽ ”പ്രകൃതി നിയമം”നടപ്പിലാക്കിയതിന് പിന്നിലെ രഹസ്യം? യോഗിക്കും ബി.ജെ.പിക്കും എതിര് നിൽക്കുന്നവരെ കൊന്നുതള്ളുന്ന “ജംഗിൾരാജ്” എവിടെച്ചെന്ന് അവസാനിക്കും?
കൊലപാതക കേസുകൾ ഉൾപ്പടെ നിരവധി കേസുകൾ ഉണ്ട് എന്നതാണ് അതീഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫ് അഹമ്മദിനെയും തെരുവിൽ പോലീസ് അകമ്പടിയിൽ കൈകൾ ചങ്ങലയിൽ പൂട്ടിയിട്ട് വെടിവെച്ച് കൊല്ലാൻ പ്രചോദനമെങ്കിൽ അതിനെക്കാൾ ഗുരുതര കേസുകൾ ആരോപിക്കപ്പെടുന്ന അമിത്ഷാക്കെതിരെ ഏതു തരം നീതിയാണ് നടപ്പിലാക്കേണ്ടത്? അമിത്ഷാ മാസങ്ങളോളം ജയിലിലടക്കപ്പെട്ടിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിനല്ല.
കൊലപാതക കേസുകളിൽ പിടിക്കപ്പെട്ടതിൻ്റെ പേരിൽ. അദ്ദേഹത്തെ വിചാരണ ചെയ്ത ജഡ്ജി ദുരൂഹ സാഹചര്യത്തിൽ മരിച്ചിട്ടുണ്ട്. അദ്ദേഹവുമായി ബന്ധപ്പെട്ട കേസുകളിലെ സാക്ഷികൾ “പ്രകൃതി നിയമത്തിന്” പലപ്പോഴായി വിധേയരായിട്ടുണ്ട്. കുറ്റാരോപിതരെ തെരുവിലിട്ട് ആളുകൾ കാൺകെ വെടിവെച്ച് കൊല്ലാൻ തുടങ്ങിയാൽ ഉത്തരേന്ത്യയിലെ എത്ര രാഷ്ട്രീയ നേതാക്കൾ ജീവനോടെ അവശേഷിക്കും?
മഹാത്മാഗാന്ധിയെ ഇക്കൂട്ടർ വെടിവെച്ച് കൊന്നത് ഏത് കൊലപാതക കേസിൽ പ്രതിയായിട്ടാണ്? ഗോവിന്ദ് പൻസാരയേയും കൽബുർഗിയേയും ഗൗരി ലങ്കേഷിനെയും ഇവർ വെടിവെച്ച് കൊലപ്പെടുത്തിയത് ഏത് കള്ളപ്പണ ഇടപാടിൻ്റെ പേരിലായിരുന്നു? പ്രത്യയശാസ്ത്ര എതിരാളികളെയും രാഷ്ട്രീയ എതിരാളികളെയും കൊന്ന് കൊലവിളിക്കാൻ സംഘ്പരിവാറുകാർക്ക് കൊലക്കേസിലൊന്നും പ്രതിയായിക്കൊള്ളണമെന്നില്ല.
അതീഖ് അഹമ്മദിന് 1400 കോടിയുടെ അനധികൃത സമ്പാദ്യമുണ്ടെന്നാണ് ബി.ജെ.പി അനുകൂലികളുടെയും ഠാക്കൂർ വിലക്കെടുത്ത മാധ്യമങ്ങളുടെയും മറ്റൊരാരോപണം. അതീഖിനെക്കാളധികം അനധികൃത സമ്പാദ്യങ്ങളുള്ള എത്ര പേർ ഇന്ത്യയിലുണ്ട്? എന്തൊക്കെ നടപടികളാണ് കേന്ദ്ര സർക്കാർ അവർക്കെതിരെ സ്വീകരിച്ചത്? അത്തരക്കാരുടെ അവിഹിത സ്വത്ത് നിയമാനുസരണം കണ്ട് കെട്ടുകയല്ലേ ചെയ്യേണ്ടത്? രണ്ട് ദിവസം മുമ്പാണ് മുതിർന്ന കോൺഗ്രസ് നേതാവ് ചിദംബരത്തിൻ്റെ മകൻ്റെ സ്വത്ത് ഇ.ഡി കണ്ട് കെട്ടിയത്. അദ്ദേഹത്തെ വെടിവെച്ച് കൊല്ലുകയല്ലല്ലോ ചെയ്തത്?
ഒരേ സമയം ഇഡിയുടെ 15 സംഘമാണ് അതീഖ് അഹമ്മദിൻ്റെയും കുടുംബത്തിൻ്റെയും സാമ്പത്തിക ഇടപാടുകൾ അന്വേഷിച്ചത്. തൻ്റെ എതിരാളിയായ അതീഖിൻ്റെ കുടുംബത്തെ എത്ര ക്രൂരമായാണ് യോഗി ആദിത്യനാഥ് കൈകാര്യം ചെയ്തത്! ഒരു മകനെ വ്യാജ ഏറ്റുമുട്ടലിൽ വെടിവെച്ച് കൊന്നു. രണ്ടു ആൺമക്കളെ നേരത്തെ തന്നെ പല കേസുകൾ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഭാര്യയെ കേസുകളിൽ കുടുക്കി അറസ്റ്റിന് ശ്രമിച്ചു. അവർ ഒളിവിൽ പോയി.
പ്രായപൂർത്തിയാകാത്ത രണ്ട് ആൺമക്കളെ പോലീസ് പിടിച്ച് ശിശു സംരക്ഷണ കേന്ദ്രത്തിലാക്കി. എല്ലാ പഴുതുകളും അടച്ച ശേഷം കയ്യാമം വെച്ച് പോലീസ് അകമ്പടിയിൽ കൊണ്ടു പോകവെ അതീഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫ് അഹമ്മദിനെയും പോയിൻ്റ് ബ്ലാങ്കിൽ വെടിവെച്ച് കൊല്ലാൻ “സ്വന്തക്കാർക്ക്” സാഹചര്യമൊരുക്കി. ഒരു ഏകാധിപത്യ രാജ്യത്ത് പോലും നടക്കാത്ത കിരാത സംഭവങ്ങളാണ് യു.പി യിൽ നടന്നു കൊണ്ടിരിക്കുന്നത്.
യോഗിയുടെ ആറു വർഷ ഭരണ കാലയളവിൽ പോലീസ് “ഏറ്റുമുട്ടലുകളിൽ”മരിച്ചത് 184 പേരാണ്. ഇതിൽ മഹാഭൂരിഭാഗവും മുസ്ലിങ്ങളാണ്. വിചാരണ ശരിയാംവിധം നടന്നാൽ കെട്ടിച്ചമച്ച കുറ്റങ്ങൾ തെളിയിക്കാൻ കഴിയില്ലെന്ന ശങ്കയാണോ ഇവരെയൊക്കെ വെടിവെച്ച് കൊല്ലുന്ന ”ജംഗിൾരാജി”ലേക്ക് യോഗിയെ നയിച്ചത്? യു.പി യിലെ മുസ്ലിം-ക്രൈസ്തവ ന്യൂനപക്ഷങ്ങളും ദളിതുകളും വലിയ ഭയപ്പാടിലാണ് ജീവിക്കുന്നത്. വസ്തുതകൾ നേരിട്ടറിയാൻ ഇന്ത്യയിലെ മതനിരപേക്ഷ പാർട്ടികൾ ഒരു പ്രതിനിധി സംഘത്തെ യു.പിയിലേക്കയക്കണം
കേരളത്തിലും ന്യൂനപക്ഷ വിഭാഗങ്ങളിലെ സമ്പന്നരെയും വ്യാപാരികളെയും ലക്ഷ്യമിട്ട് സംഘി സംഘടനകൾ ഇറങ്ങിയിട്ടുണ്ട്. ലക്ഷങ്ങൾ സംഭാവന ചോദിക്കുക. കൊടുത്തില്ലെങ്കിൽ ഭീഷണിപ്പെടുത്തുക. വഴങ്ങിയില്ലെങ്കിൽ വിവിധ അന്വേഷണ സംഘങ്ങളെ വരുത്തി റെയ്ഡ് ചെയ്യിക്കുക. തുടർന്ന് കേസ് ഒതുക്കിത്തരാമെന്ന് പറഞ്ഞ് ഇടനിലക്കാരായി എത്തുക. ലക്ഷങ്ങളും കോടികളും തന്നാൽ രക്ഷപ്പെടുത്തിത്തരാം എന്ന് ഓഫർ വെക്കുക. തികച്ചും സംസ്കാര ശൂന്യമായ നെറികെട്ട പ്രവർത്തനമാണ് നാട്ടിൻപുറങ്ങളിൽ പോലും വിവിധ പേരുകളിൽ അറിയപ്പെടുന്ന സംഘി പ്രസ്ഥാനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്.
അനുഭവങ്ങൾ പുറത്ത് പറയാൻ പലരും ഭയപ്പെടുന്നത് കൊണ്ട് മിണ്ടാതിരിക്കുകയാണ്. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ മറ്റുള്ളവർക്കൊക്കെ കൊടുക്കുന്ന സംഭാവനയേ അവനവൻ്റെ കഴിവനുസരിച്ച് ബി.ജെ.പിക്കും കൊടുക്കാവൂ. ഭീഷണിക്ക് വഴങ്ങി ഒരു രൂപ പോലും അധികം കൊടുത്ത് പോകരുത്. ഓരോരുത്തരും സാമ്പത്തിക ഇടപാടുകൾക്ക് കൃത്യമായ കണക്കും കയ്യും സൂക്ഷിക്കുക. ശരിയായി നികുതി കൊടുത്ത് കേന്ദ്ര ഭരണക്കാരുടെ ഭയപ്പെടുത്തലുകളിൽ നിന്ന് മോചനം നേടുക. സംഘികൾക്ക് “കപ്പം” കൊടുത്ത് ജീവിക്കുന്നതിലും നല്ലത് തൂങ്ങിച്ചാവുന്നതാണ്.