പാമ്ബനാറില്‍ ഉപഭോക്താക്കള്‍ക്ക് അമിത വൈദ്യുതി ബില്‍ ലഭിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് കെഎസ്‌ഇബി


ഇടുക്കി: പാമ്ബനാറില്‍ ഉപഭോക്താക്കള്‍ക്ക് അമിത വൈദ്യുതി ബില്‍ ലഭിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് കെഎസ്‌ഇബി.
മീറ്റര്‍ റീഡിങ്ങ് കണക്കാക്കിയതിലുള്ള പിഴവാകാം കാരണമെന്നാണ് കെഎസ്‌ഇബിയുടെ പ്രാഥമിക നിഗമനം. പാമ്ബനാര്‍ എല്‍എംഎസ് കോളനിയിലെ 22 കുടുംബങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം 60,000 മുതല്‍ 87,000 രൂപ വരെയുളള വൈദ്യുതി ബില്ലുകള്‍ ലഭിച്ചത്.
എന്നാല്‍ അമിത ബില്‍ വന്ന പ്രദേശങ്ങളില്‍ കൃത്യമായ മീറ്റര്‍ റീഡിങ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് കെഎസ്‌ഇബിയുടെ വിലയിരുത്തല്‍. അടുത്തിടെയാണ് കൃത്യമായി റീഡിങ് രേഖപ്പെടുത്താന്‍ ആരംഭിച്ചത്. മീറ്റര്‍ റീഡര്‍മാരെ സെക്ഷനുകള്‍ മാറ്റി നിയമിച്ചു. കൂടാതെ മീറ്ററുകള്‍ മുഴുവന്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും കെഎസ്‌ഇബി അറിയിച്ചു.
നിലവില്‍ അമിത ബില്‍ വന്ന ഉപഭോക്താക്കളുടെ വൈദ്യുതി ബന്ധം വിഛേദിക്കില്ല. ഗൗരവമുള്ള പരാതിയായതിനാല്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും കെഎസ്‌ഇബി അറിയിച്ചു. ഇതിനൊപ്പം കെഎസ്‌ഇബിയുടെ വിജിലന്‍സ് ഉള്‍പ്പെടെയുള്ള വിവിധ സംഘങ്ങളും സംഭവം അന്വേഷിക്കും. വൈദ്യുതി ഉപഭോഗം തീര്‍ത്തും കുറഞ്ഞ വീടുകളിലാണ് ഇത്രയും വലിയ തുകയുടെ ബില്‍ വന്നിരിക്കുന്നത്.