വി. കുഞ്ഞികൃഷ്ണൻ ശത്രുക്കളുടെ കൈയിലെ കോടാലി; പയ്യന്നൂർ ഫണ്ട് തട്ടിപ്പ് ആരോപണം തള്ളി കെ.കെ. രാഗേഷ്

single-img
26 January 2026

പയ്യന്നൂർ ഫണ്ട് തട്ടിപ്പ് ആരോപണങ്ങൾ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ. കെ. രാഗേഷ് ശക്തമായി നിഷേധിച്ചു. വി. കുഞ്ഞികൃഷ്ണൻ ഉന്നയിക്കുന്ന ആരോപണങ്ങൾ വ്യക്തമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും, തെരഞ്ഞെടുപ്പ് അടുത്ത സമയമാണ് ഇതിനായി തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

2022 ഏപ്രിലിൽ പാർട്ടി ചർച്ച ചെയ്ത് തീരുമാനിച്ച വിഷയങ്ങളാണ് ഇപ്പോൾ വീണ്ടും ഉയർത്തിക്കാട്ടുന്നതെന്ന് രാഗേഷ് വ്യക്തമാക്കി. സഹകരണ ബാങ്കിനായി സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട് ടി.ഐ. മധുസൂദനനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാൽ ബാങ്കുമായി ബന്ധപ്പെട്ട് മധുസൂദനന് യാതൊരു ചുമതലയും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കുഞ്ഞികൃഷ്ണനെതിരെ പാർട്ടി അന്ന് നടപടി എടുത്തത് പരാതി ഉന്നയിച്ചതിനല്ല, മറിച്ച് അത് മാധ്യമങ്ങളിലേക്ക് ചോർത്തിയതിനാലാണെന്നും, വാർത്ത ചോർച്ചയ്ക്ക് കൃത്യമായ തെളിവുകൾ പാർട്ടിക്കുണ്ടെന്നും രാഗേഷ് വ്യക്തമാക്കി. ടി.ഐ. മധുസൂദനനോടുള്ള വ്യക്തിപരമായ വൈരാഗ്യമാണ് ഇപ്പോഴത്തെ ആരോപണങ്ങൾക്ക് പിന്നിലെന്നും, പാർട്ടിക്കെതിരായ ഈ നീക്കം യാദൃച്ഛികമല്ലെന്നും അദ്ദേഹം വിമർശിച്ചു.