അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളിൽ വൻ പ്രേക്ഷക സ്വീകരണവുമായി മലയാള ഹ്രസ്വചിത്രം ‘കൈമേറ’

single-img
23 May 2024

മലയാള ഹ്രസ്വചിത്രം കൈമേറയ്ക്ക് അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളിൽ വൻ പ്രേക്ഷക സ്വീകരണം.ഫ്രാൻസിൽ നടക്കുന്ന ക്യാൻസ് വേൾഡ് ചലച്ചിത്ര മേളയുടെ 2023/2024 ആനുവൽ റിമെംബെർ ദി ഫ്യൂച്ചർ ക്യാറ്റഗറിയിൽ മത്സരിക്കാൻ തിരഞ്ഞെടുക്ക പെട്ടിരിക്കുകയാണ് .

2023 /2024 വര്ഷങ്ങളിലെ ഓരോ മാസങ്ങളിലും നടന്ന മത്സരങ്ങളിൽ പങ്കെടുത്ത അഞ്ഞൂറോളം അന്താരാഷ്ട്ര ചിത്രങ്ങളിൽ നിന്നും ഏറ്റവും മികച്ച ചിത്രങ്ങൾക്കാണ് ആനുവൽ ഇവെന്റിലേക്ക് മത്സരിക്കാൻ ഉള്ള അവസരം ലഭിക്കുന്നത് . കൈമിറ ഒക്ടോബർ മാസത്തെ മത്സരത്തിൽ മികച്ച ഇന്ത്യൻ ചലച്ചിത്രം ആയി തിരഞ്ഞെടുക്കപെട്ടിരുന്നു .

ഹരിപ്പാട് സ്വദേശി ഐശ്വര്യ തങ്കച്ചൻ ആണ് കൈമേറയുടെ സംവിധായിക. പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിൽ കലാസംവിധാന സഹായിയായി പ്രവർത്തിച്ച ഐശ്വര്യ ഒരു ആർകിടെക്ട് ബിരുദധാരിയാണ്. തന്റെ സ്വപ്നവും ലോകവും സിനിമയാണെന്ന് പണ്ടേ ഉത്തമ ബോധ്യമുള്ള ഐശ്വര്യയുടെ ആദ്യ സംരംഭമാണ് കൈമേറ.

ആദിയുമില്ല അന്തവുമില്ല എന്നാണു കൈമേറ എന്ന വാക്കിനർത്ഥം. മാനസിക സംഘർഷങ്ങളെ ഇതുവരെ കാണാത്ത ഒരു കോണിലൂടെ നോക്കിക്കാണാൻ ചിത്രം ശ്രമിക്കുന്നു. ഒരു ബസ് യാത്രയിൽ പരിചയപ്പെട്ട ഒരു വയോധികയുടെ ജീവിതത്തിൽ നിന്നാണ് ഐശ്വര്യയ്ക്ക് കൈമേറയുടെ ആശയം ലഭിക്കുന്നത്. ഒറ്റയ്ക്ക് കഴിയുന്ന ഒരു വൃദ്ധയുടെ വീട്ടിൽ ഒരു കേസന്വേഷണത്തിന്റെ ഭാഗമായി രണ്ടു പോലീസുകാർ എത്തുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് കൈമേറ പറയുന്നത്.

കഥ രൂപപെട്ടപ്പോൾ മലൈക്കോട്ടൈ വാലിബനിൽ കൂടെ പ്രവർത്തിച്ച സുഹൃത്തുക്കളോട് പറഞ്ഞു. വാലിബന്റെ ഛായാഗ്രാഹക സഹായി ഭരത് ആർ ശേഖർ അങ്ങനെ കൈമേറെയുടെ മുഖ്യ ഛായാഗ്രാഹകനായി. കൊല്ലം സിറ്റിക്കടുത്തുള്ള പെരിനാട് എന്ന കായലോര ഗ്രാമം കൈമേറെയുടെ കഥാപാശ്ചാത്തലമായി ഐശ്വര്യ തിരഞ്ഞെടുത്തു. പെരിനാട് സ്വദേശി രത്നമ്മയെ തന്നെ പ്രധാന കഥാപാത്രമായി രൂപപ്പെടുത്തിയെടുത്തു.

ചെറുതും വലുതുമായി പത്തോളം കഥാപാത്രങ്ങൾ കൈമേറയിലുണ്ട്. രത്നമ്മയെ കൂടാതെ പോലീസുകാരായി വേഷമിട്ടത് ശരത് പി.എം, അരുൺ പ്രഭ പിന്നീട് ഒരു സ്ത്രി കഥാപാത്രം ചെയ്യിതിരിക്കുന്നത് രാജി തിരുവാതിരയാണ് . പതിഞ്ഞ താളത്തിൽ കഥ പറയുന്ന കൈമേറെയുടെ എഡിറ്റിംഗ് ആശിഷ് നായർ ആണ് നിർവഹിച്ചിരിക്കുന്നത്. ആദ്യത്തെ ഷോട്ട് മുതൽ ശബ്ദത്തിന് കഥപറച്ചിലിലിൽ വലിയ പ്രാധാന്യമുള്ള ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ ജെസ്വിൻ ഫെലിക്സ് നിർവഹിച്ചിരിക്കുന്നു. ക്രിയേറ്റീവ് ഡയറക്ടർ നന്ദു ജയ്മോൻ, കലാസംവിധാനം ഷിമിന രാജ് എന്നിവരാണ് അണിയറയിൽ.

ക്യാൻസ് കൂടാതെ മലേഷ്യയിൽ നടന്ന NITIIN അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഏറ്റവും മികച്ച ഏഷ്യൻ ഹ്രസ്വചിത്രം, മികച്ച ഛായാഗ്രഹണം എന്നീ പുരസ്കാരങ്ങൾ കൈമേറ സ്വന്തമാക്കി. ഇൻഡോ-ഫ്രഞ്ച് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ഇന്ത്യൻ ഹ്രസ്വചിത്രം, കോളിവുഡ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ഇന്ത്യൻ ഹ്രസ്വചിത്രം, മദ്രാസ് സ്വതന്ത്ര ചലച്ചിത്രമേളയിൽ മികച്ച ഹ്രസ്വചിത്രം, മികച്ച ഛായാഗ്രഹണം, MITEE ഷോർട് ഫിലിം ഫെസ്റ്റിവലിൽ മികച്ച മൂന്നാമത്തെ ചിത്രം, അങ്ങനെ എണ്ണമറ്റ പുരസ്കാരങ്ങൾ ഇതിനോടകം കൈമേറെയെ തേടിയെത്തിക്കഴിഞ്ഞു.