ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍വിന്ദര്‍ സിങ് റിന്ദ പാകിസ്ഥാനില്‍ മരിച്ചതായി റിപ്പോര്‍ട്ട്

single-img
20 November 2022

ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍വിന്ദര്‍ സിങ് റിന്ദ (35) പാകിസ്ഥാനില്‍ മരിച്ചതായി റിപ്പോര്‍ട്ട്.

ഹര്‍വിന്ദിനെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ പത്തു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പഞ്ചാബ് പൊലീസ് ഇന്റലിജന്‍സ് ആസ്ഥാനം ആക്രമിച്ച കേസിലുള്‍പ്പെടെ നിരവധി ഭീകരവാദ കേസുകളില്‍ പ്രതിയായ ഇയാളെ ഇന്ത്യന്‍ സര്‍ക്കാര്‍ നോട്ടമിട്ടിരുന്നു. ലാഹോറിലെ ആശുപത്രിയില്‍വെച്ചാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. മരണകാരണം വ്യക്തമല്ല.

നിരോധിത ഖലിസ്ഥാനി സംഘടനയായ ബാബര്‍ ഖല്‍സയിലെ പ്രധാന അംഗമായിരുന്നു ഹര്‍വിന്ദര്‍. ഗുണ്ടാ സംഘങ്ങളുടെ സഹായത്തോടെയാണ് പാകിസ്ഥാനിലിരുന്ന് ഇയാള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. 2021 മേയില്‍ മൊഹാലിയിലെ പഞ്ചാബ് ഇന്റലിജന്‍സ് ആസ്ഥാനത്ത് റോക്കറ്റ് പ്രൊപല്‍ഡ് ഗ്രനേഡ് ഉപയോഗിച്ച്‌ ന‌ടത്തി‌യ ആക്രമണത്തിന് പിന്നില്‍ ഹര്‍വിന്ദര്‍ ആണെന്നാണ് ഇന്ത്യന്‍ സര്‍ക്കാറിന്റെ നിഗമനം. ഹരിയാനയില്‍ നിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കള്‍ കടത്തിയ സംഭവത്തിലും ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഓഫിസില്‍ ഗ്രനേഡ് ആക്രമണം നടത്തിയ കേസിലും ഇയാള്‍ പ്രതിയാണ്.

പാകിസ്ഥാനില്‍നിന്ന് രാജ്യത്തേക്ക് ലഹരിമരുന്ന് കടത്തുന്നതിലും പ്രധാനിയായിരുന്നു ഇയാള്‍. മഹാരാഷ്ട്ര, ചണ്ഡിഗഡ്, ഹരിയാന, ബംഗാള്‍ എന്നിവിടങ്ങളില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെ‌യ്തിട്ടുണ്ട്. പഞ്ചാബില്‍ ജനിച്ച ഹര്‍വിന്ദര്‍ മഹാരാഷ്ട്രയിലേക്ക് കുടിയേറി. 2008 ലാണ് ഇയാള്‍ ആദ്യമായി കൊലപാതകക്കേസില്‍ പ്രതിയാകുയി. പിന്നീട് ചണ്ഡിഗഡില്‍ പട്ടാപ്പകല്‍ ഗ്രാമമുഖ്യനെ കൊലപ്പെടുത്തിയ കേസിലും ഉള്‍പ്പെ‌ട്ടു.