ഒളിമ്പിക്സ് മാതൃകയിൽ കേരള സ്കൂൾ ഒളിമ്പിക്സ് പരിഗണനയിൽ: മന്ത്രി വി ശിവൻകുട്ടി

single-img
27 December 2022

അന്താരാഷ്‌ട്ര കായിക മത്സരമായ ഒളിമ്പിക്സ് മാതൃകയിൽ സംസ്ഥാനത്തിൽ കേരള സ്കൂൾ ഒളിമ്പിക്സ് നടത്തുന്നത് പരിഗണനയിലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇവിടെ കണ്ണൂർ, തിരുവനന്തപുരം, തൃശൂർ, മലപ്പുറം ജില്ലകളിൽ കേരള സ്കൂൾ ഒളിമ്പിക്സ് നടത്താനുള്ള വേദികൾ ഉണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബാക്കിയുള്ള ജില്ലകളിൽ കൂടി സൗകര്യം കൂട്ടാനായാൽ എല്ലാ ജില്ലകളിലും കേരളാ സ്കൂൾ ഒളിമ്പിക്സ് നടത്താനുള്ള സാധ്യത രൂപപ്പെടും. വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സ്വന്തമായി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. വയനാട് വടുവന്‍ചാല്‍ ജിഎച്ച്എസ്എസിൽ നൈപുണ്യവികസന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതോടൊപ്പം പാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് പുനഃസ്ഥാപിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കോവിഡ് വ്യാപന സമയം നിര്‍ത്തിവെച്ചിരുന്ന, പാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് ആനുകൂല്യമാണ് അടുത്ത അധ്യയന വര്‍ഷം മുതല്‍ പുനഃസ്ഥാപിക്കുക.