മിനിമം വേതനം ഏർപ്പെടുത്തിയിരിക്കുന്ന ഏക സംസ്ഥാനം കേരളം: മുഖ്യമന്ത്രി

single-img
29 February 2024

സംസ്ഥാനത്തിനെതിരെ ബോധപൂർവം ചിലർ വ്യാജ പ്രചാരണങ്ങൾ നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ വ്യവസായം നടക്കില്ല എന്നൊക്കെ പറഞ്ഞു പരത്തുന്നു. ഇവിടേക്ക് വരാൻ ഉദ്ദേശിക്കുന്ന വ്യവസായങ്ങളെ തടയുകയാണ് ഇത്തരം പ്രചാരണങ്ങളുടെ ലക്ഷ്യം. ഇത്തരം പ്രചാരണങ്ങളെ തടയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയപാത ഉൾപ്പെടെ സംസ്ഥാനത്തിന്റെ പശ്ചാത്തല വികസനരംഗത്ത് വൻ കുതിച്ചുചാട്ടം ആണ് കേരളം നടത്തുന്നത്.

കേരളത്തിനെ ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനം ആക്കി മാറ്റും. പൊതുമേഖലാ സ്ഥാപനങ്ങളെ ഒന്നൊന്നാന്നായി വിൽക്കുമ്പോൾ കേരളത്തിൽ അവ ഏറ്റെടുത്ത് രാജ്യത്തിനു മുതൽക്കൂട്ടാക്കാനും തൊഴിലാളികളെ സംരക്ഷിക്കുവാനുമാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. തൊഴിൽ കേസുകളും തർക്കങ്ങളും കേരളത്തിൽ കുറവാണ്. വിവേചന രഹിത സ്ത്രീ സൗഹൃദ തൊഴിലിടങ്ങൾ കേരളത്തിലെ പ്രത്യേകതയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ വളർന്നുവരുന്ന നൂതന സംരംഭക സ്ഥാപനങ്ങൾ വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. നമ്മുടെ നാട്ടിലെ യുവാക്കളെ തൊഴിലന്വേഷകർ എന്നതിലുപരി തൊഴിൽദാതാക്കളും സംരംഭകരുമാക്കി മാറ്റാനുള്ള നടപടികളും സർക്കാർ മുന്നോട്ടു കൊണ്ടുപോവുകയാണ്

യുവാക്കൾക്ക് പിന്തുണ നൽകുന്ന സ്റ്റാർട്ട് അപ് നയങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നത്. സ്റ്റാർട്ട് അപ് മേഖലയിൽ 5000 കോടിയുടെ സമാഹരണത്തിന് സർക്കാരിന് കഴിഞ്ഞു. സംസ്ഥാനത്ത് 16 വ്യവസായ പാർക്കുകൾക്ക് അനുമതി നൽകി. അടുത്ത വർഷം ഇത് 25 ആകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൊഴിൽ മേഖലയിൽ കേരളം രാജ്യത്തിന് മാതൃകയാണ്. മിനിമം വേതനം ഏർപ്പെടുത്തിയിരിക്കുന്ന ഏക സംസ്ഥാനം കേരളമാണ്. അതിഥി തൊഴിലാളികൾക്ക് ഇത്രയധികം ക്ഷേമ പദ്ധതികൾ അനുവദിച്ച സംസ്ഥാനം രാജ്യത്തില്ല. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും ഏർപ്പെടുത്തി. കേരളത്തിൽ നിന്ന് മരണപ്പെടുന്ന അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവും സംസ്ഥാന സർക്കാർ വഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.