സര്‍വ്വകലാശാല നിയമഭേദഗതി ബില്‍ പാസായി; ഇനി ഗവർണറുടെ കോർട്ടിൽ

single-img
1 September 2022

ശക്തമായ പ്രതിപക്ഷ എതിർപ്പിനിടെ വിവാദമായ സര്‍വ്വകലാശാല നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി. വൈസ് ചാന്‍സിലര്‍ നിയമനങ്ങളില്‍ സര്‍ക്കാരിന്റെ അധികാരം ഉറപ്പ് വരുത്തുന്നതിന് സെര്‍ച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം മൂന്നില്‍ നിന്ന് അഞ്ചിലേക്ക് ഉയര്‍ത്തുന്നതാണ് പ്രധാന ഭേദഗതി. ഇതോടെ വൈസ് ചാന്‍സിലര്‍ നിയമനങ്ങളില്‍ ഗവര്‍ണറുടെ അധികാരം ഇല്ലാതെയാകും.

കൂടാതെ വൈസ് ചാന്‍സിലര്‍മാരുടെ പ്രായപരിധി 60ല്‍ നിന്ന് 65 ആക്കുന്നതാണ് ബില്ലിലെ മറ്റൊരു ഭേദഗതി. നിയമസഭയില്‍ ബില്‍ പാസാക്കിയാലും ഗവര്‍ണര്‍ ഒപ്പിടില്ലെന്നാണ് സൂചന. ഇത് സംബന്ധിച്ച് പല തവണ ഗവർണർ നിലപാടുവ്യക്തമാക്കിയിരുന്നു.

ബില്ലിന്മേൽ ഉള്ള ചർച്ചയിൽ രൂക്ഷമായ വാദപ്രതിവാദം ആണ് ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഉണ്ടായത്. ആർഎസ്എസ് ഇടപെടലുകൾ തടയാൻ കഴിയുമെന്ന് ഭരണ പക്ഷ നിരയിൽ നിന്ന് കെടി ജലീൽ അഭിപ്രായപ്പെട്ടപ്പോൾ ആർഎസ്എസിന്റെ കാവി വത്കരണം പോലെ തന്നെ സർവകലാശാലകളുടെ കമ്മ്യൂണിസ്റ്റ് വത്കരണവും അപകടമെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു. ധിക്കാര പരവും അധാർമികവുമാണ് സർക്കാരിന്റെ നിലപാടെന്നും സർക്കാരിന്റെ താൽപര്യത്തിന് വിരുദ്ധമായ നിയമങ്ങൾ അപ്പാടെ മാറ്റാനാണ് ശ്രമമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

മാത്രമല്ല സെർച്ച് കമ്മിറ്റി അംഗങ്ങൾ സർവകലാശാലയുമായി ബന്ധമുള്ളയാൾ പാടില്ലെന്ന് യുജിസി ചട്ടം പറയുന്നുണ്ട് എന്നും, അത് കൊണ്ട് നിയമ ഭേദഗതി കോടതിയിൽ നിലനിൽക്കില്ല എന്നും പ്രതിപക്ഷം വാദിച്ചു. ചാൻസിലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാത്തത് ,സർക്കാരിനും ഗവർണർക്കുമിടയിൽ ഇടനില ഉള്ളതുകൊണ്ടാണെന്നും പ്രിയാ വർഗീസിന്റെ നിയമനം ഇഷ്ടക്കാരെ നിയമിക്കുന്നതിന് തെളിവാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.