കെജ്രിവാള്‍ ജയിലിനുള്ളിൽ മാമ്പഴം ഉൾപ്പെടെയുള്ളവ അമിതമായി കഴിച്ച് പ്രമേഹം കൂട്ടാൻ ശ്രമിക്കുന്നു; വിചിത്ര വാദവുമായി ഇഡി


അറസ്റ്റിലുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വിചാരണ കോടതിയില്‍ വിചിത്ര വാദവുമായി ഇഡി. കെജ്രിവാള്‍ ജയിലിനുള്ളിൽ മാമ്പഴം ഉൾപ്പെടെയുള്ള മധുരമുള്ള ഭക്ഷണം അമിതമായി കഴിച്ച് പ്രമേഹം കൂട്ടാൻ ശ്രമിക്കുന്നുവെന്നാണ് ഇഡി കോടതിയെ അറിയിച്ചിരിക്കുന്നത്.
എങ്ങിനെയും ജാമ്യം ലഭിക്കുന്നതിനായാണ് കെജ്രിവാള്‍ ഇത് ചെയ്യുന്നതെന്നും ഇഡി കോടതിൽ പറഞ്ഞു. ഇതിനെ ഇതിനെ തുടർന്ന് കെജ്രിവാളിന് ജയിലില്‍ നല്‍കുന്ന ഭക്ഷണവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കോടതി, ഇഡിയോട് തേടി. വീഡിയോ കോൺഫറൻസിലൂടെ ഡോക്ടറെ കാണാനുള്ള സൗകര്യവും ദിവസവും പ്രമേഹം പരിശോധിക്കാനുള്ള സൗകര്യവും നല്‍കണമെന്നാവശ്യപ്പെട്ട് കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
തുടർന്ന് ഹര്‍ജി വീണ്ടും നാളെ പരിഗണിക്കും. മദ്യനയക്കേസില്‍ ഇഡി അറസ്റ്റിലായത് മുതല്‍ തന്നെ ആരോഗ്യനിലയില്‍ പ്രശ്നങ്ങളുണ്ടെന്നത് കെജ്രിവാളും കുടുംബവും ആം ആദ്മി പ്രവര്‍ത്തകരുമെല്ലം ഉയര്‍ത്തിക്കാട്ടുന്നുണ്ട്. പ്രമേഹം തന്നെയാണ് ഇവര്‍ പ്രധാന പ്രശ്നമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്.