മാധ്യമങ്ങളിലൂടെ വാർത്തകൾ സൃഷ്ടിച്ച് ആരോപണങ്ങൾ പിണറായി വിജയനിലേക്ക് എത്തിക്കാനാണ് ഇ.ഡി ശ്രമിക്കുന്നത്: എംവി ഗോവിന്ദൻ

single-img
8 September 2026

പിണറായി വിജയനെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നീക്കം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മാധ്യമങ്ങളിലൂടെ വാർത്തകൾ സൃഷ്ടിച്ച് ആരോപണങ്ങൾ പിണറായി വിജയനിലേക്ക് എത്തിക്കാനാണ് ഇ.ഡി ശ്രമിക്കുന്നതെന്നും ഡിജിപിക്ക് അയച്ച കത്ത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.ആരോപണങ്ങളിൽ ചോദിച്ച ചോദ്യങ്ങൾക്കൊന്നും ഇ.ഡി മറുപടി നൽകുന്നില്ല.

നിലവിലെ നീക്കങ്ങൾ കേവലം രാഷ്ട്രീയ പകപോക്കൽ മാത്രമാണെന്ന് വ്യക്തമാണ്. സിഎംആർഎൽ ഡയറിയിൽ രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, ഉമ്മൻചാണ്ടി എന്നിവരുടെ പേരുകൾ ഉണ്ടായിരുന്നു. ആ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കുന്ന പൊലീസിനാണ് ഇപ്പോൾ ഇ.ഡി കത്ത് നൽകിയിരിക്കുന്നത്. കൃത്യമായി നികുതി അടച്ചാണ് വീണ പണം വാങ്ങിയിട്ടുള്ളത്.

ആകെ തുകയിൽ വളരെ ചുരുങ്ങിയ തുക മാത്രമാണ് വീണ സ്വീകരിച്ചത്. എന്നാൽ ബാക്കി തുക ലഭിച്ചവർക്കെതിരെ ഒരു അന്വേഷണവും നടക്കുന്നില്ല. സിഎംആർഎൽ എക്സാലോജിക്കിന് പണം നൽകിയത് അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ല.

പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഒരു സഹായവും സിഎംആർഎല്ലിന് ചെയ്തു നൽകിയിട്ടില്ല. സ്വന്തമായി ലാഭമുണ്ടാക്കുന്ന ഒരു കാര്യവും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുമില്ല. മാത്യു കുഴൽനാടനും ഷോൺ ജോർജും ഉന്നയിച്ച ആരോപണങ്ങൾ ഹൈക്കോടതിയും സുപ്രീം കോടതിയും വിജിലൻസും തള്ളിക്കളഞ്ഞതാണ്. നേരിട്ട് പോയാൽ കോടതി തള്ളുമെന്ന് ഭയന്നാണ് ഇ.ഡി ഇപ്പോൾ സർക്കാരിനെ സമീപിക്കുന്നത്.

യുഡിഎഫ് രാഷ്ട്രീയ പകപോക്കലിന് തയ്യാറാകും എന്ന് കരുതിയാണ് ഇ.ഡി ഈ വഴി തെരഞ്ഞെടുത്തിരിക്കുന്നത്. കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം സംബന്ധിച്ച് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്ക് നന്നായി അറിയാവുന്നതാണ്. കേജ്‌രിവാളിനെ ഒരു തെളിവും ഇല്ലാതെയാണ് ജയിലിൽ അടച്ചത്. ആദ്യം ലക്ഷ്യം പ്രഖ്യാപിക്കുക എന്നതാണ് ഇ.ഡി നിലപാട്. ഇതിനെ ചെറുക്കും എന്ന നിലപാടാണ് കേന്ദ്രത്തിൽ കോൺഗ്രസ് സ്വീകരിച്ചത്. ഇവിടെ എന്ത് നിലപാട് എടുക്കും എന്നത് കാണട്ടെയെന്നും എം.വി ​ഗോവിന്ദൻ പറഞ്ഞു.