സിനിമകൾക്ക് നോ പറയുന്നത് എളുപ്പമല്ല; കരിയറിന്റെ തുടക്കത്തിൽ തന്നെ നിരവധി ചിത്രങ്ങൾ നിരസിച്ചിട്ടുണ്ടെന്ന് കീർത്തി സുരേഷ്

single-img
9 November 2026

കരിയറിന്റെ തുടക്കത്തിൽ തന്നെ നിരവധി സിനിമകൾ വേണ്ടെന്നുവെച്ചിട്ടുണ്ടെന്ന് നടി കീർത്തി സുരേഷ്. മറ്റുള്ളവർക്ക് ഒരു സിനിമയെക്കുറിച്ച് എന്ത് അഭിപ്രായമാണുള്ളതെന്നതിലുപരി തനിക്ക് എന്താണ് തോന്നുന്നതെന്നതിനാണ് പ്രാധാന്യം നൽകുന്നതെന്നും താരം പറഞ്ഞു. ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സിനിമകൾ നിരസിക്കുന്നതിലെ അനുഭവങ്ങൾ കീർത്തി പങ്കുവെച്ചത്.

തന്റെ തീരുമാനങ്ങൾക്കൊപ്പം നിൽക്കാൻ ശ്രമിക്കാറുണ്ടെന്നും പല വലിയ പ്രമേയങ്ങളുള്ള സിനിമകളോടും നോ പറഞ്ഞിട്ടുണ്ടെന്നും കീർത്തി വ്യക്തമാക്കി. എന്നാൽ ചില സാഹചര്യങ്ങളിൽ സിനിമ വേണ്ടെന്നുവെക്കുന്നത് വലിയ സമ്മർദമുണ്ടാക്കാറുണ്ട്. തന്റെ തീരുമാനം മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുമോ എന്ന ചിന്തയാണ് ഇതിന് കാരണമെന്നും താരം പറഞ്ഞു.

പുറത്തുനിന്ന് സിനിമ വേണ്ടെന്നുവെക്കുന്നതിനെക്കുറിച്ച് സംസാരിക്കാൻ എളുപ്പമാണെങ്കിലും സിനിമാരംഗത്തുനിന്നുകൊണ്ട് അത്തരമൊരു തീരുമാനം എടുക്കുന്നത് അത്ര എളുപ്പമല്ലെന്നും കീർത്തി കൂട്ടിച്ചേർത്തു.

ബാലതാരമായി സിനിമയിലെത്തിയ കീർത്തി പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. ‘മഹാനടി’യിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കി.

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ‘ഡൊറോത്തി’യിലെ പ്രകടനത്തിലൂടെയും അടുത്തിടെ കീർത്തി ശ്രദ്ധ നേടിയിരുന്നു. ഒക്ടോബർ 23ന് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിൽ സനന്ത്, റിഷികാന്ത് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 1990കളിലെ ഗ്രാമീണ തമിഴ്നാടിന്റെ പശ്ചാത്തലത്തിൽ സൗഹൃദം, ജാതിവിവേചനം, പുരുഷത്വത്തെക്കുറിച്ചുള്ള സാമൂഹിക കാഴ്ചപ്പാടുകൾ, ക്വിയർ ഐഡന്റിറ്റി തുടങ്ങിയ വിഷയങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ ‘അക്ക’ എന്ന സീരീസിലും കീർത്തി പ്രധാന വേഷത്തിലെത്തിയിരുന്നു.