തൊഴിലുറപ്പ് സമരപന്തലിൽ ഊർജത്തിന്റെ കേന്ദ്രമായി കെസി വേണുഗോപാൽ

single-img
13 January 2026

തൊഴിലുറപ്പ് തൊഴിലാളികളുടെ രാപ്പകൽ സമരപന്തലിൽ ശ്രദ്ധാകേന്ദ്രമായി മാറിയത് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലായിരുന്നു. പരിപാടിയുടെ ഉദ്ഘാടകനായി എത്തിയത് മുതൽ സമരപന്തലിൽ മുഴുവൻ സമയവും ചെലവഴിച്ച കെസി വേണുഗോപാൽ, തന്റെ സാന്നിധ്യം കൊണ്ട് തന്നെ വേദിയെയും പ്രവർത്തകരെയും ഒരുപോലെ ആവേശഭരിതരാക്കി.

ഇടയ്ക്ക് ശക്തമായി മഴ പെയ്തപ്പോഴും ആവേശത്തിൽ ഒരു കുറവും വരുത്താതെ, പഴയകാല യൂത്ത് കോൺഗ്രസ് നേതാവിന്റെ ഊർജസ്വലതയോടെയാണ് കെസി വേണുഗോപാൽ സമരവേദിയിൽ തുടർന്നത്. അദ്ദേഹത്തിന്റെ സജീവ സാന്നിധ്യം നേതാക്കൾക്കും പ്രവർത്തകർക്കും കൂടുതൽ പ്രചോദനമായി. സെൽഫിയെടുക്കാനും നേരിട്ട് സംസാരിക്കാനും പ്രവർത്തകരുടെ വലിയൊരു സംഘം അദ്ദേഹത്തെ ചുറ്റിപ്പറ്റി.

സമരപന്തലിലേക്ക് എത്തിയ കെസി വേണുഗോപാലിനെ മുദ്രാവാക്യം വിളികളോടെയും കൈയ്യടികളോടെയും പ്രവർത്തകർ സ്വീകരിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളെ രൂക്ഷമായി വിമർശിച്ച് നടത്തിയ പ്രസംഗം തൊഴിലുറപ്പ് തൊഴിലാളികളും കോൺഗ്രസ് പ്രവർത്തകരും ശക്തമായ കരഘോഷത്തോടെയാണ് ഏറ്റെടുത്തത്.

സമരപന്തലിലേക്ക് സിപിഎം മുൻ എംഎൽഎ ഐഷാ പോറ്റിയെ എത്തിച്ച കെസി വേണുഗോപാലിന്റെ നീക്കം കേരളത്തിന്റെ രാഷ്ട്രീയ ശ്രദ്ധ പിടിച്ചുപറ്റിയതുമാണ്. ഐഷാ പോറ്റിയെ കോൺഗ്രസിലേക്ക് എത്തിക്കുന്നതിനുള്ള അണിയറ നീക്കങ്ങൾക്ക് ചരട് വലിച്ചത് കെസി വേണുഗോപാൽ എംപിയാണെന്ന് രാഷ്ട്രീയ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ഈ നീക്കത്തിന്റെ ഭാഗമായി കൊടിക്കുന്നിൽ സുരേഷ് എംപിയെയും പ്രതിപക്ഷ നേതാവിനെയും ചുമതലപ്പെടുത്തിയതുമുതൽ, ഐഷാ പോറ്റിക്ക് ഔദ്യോഗികമായി കോൺഗ്രസ് അംഗത്വം നൽകുന്നതുവരെ നടന്ന എല്ലാ ഘട്ടങ്ങളിലും കെസി വേണുഗോപാലിന്റെ നേരിട്ടുള്ള ഇടപെടലുണ്ടായിരുന്നു. തൊഴിലുറപ്പ് സമരപന്തലിലെ സജീവ സാന്നിധ്യത്തിനൊപ്പം, രാഷ്ട്രീയ രംഗത്തെ ഈ ചടുല നീക്കങ്ങളും കെസി വേണുഗോപാലിനെ വീണ്ടും ചർച്ചയുടെ കേന്ദ്രത്തിലേക്ക് ഉയർത്തിയിരിക്കുകയാണ്.