ഉദ്ഘാടനമില്ലാതെ കഴക്കൂട്ടം എലിവേറ്റ‍ഡ് ഹൈവേ ജനങ്ങൾക്കായി തുറന്നു നൽകി

single-img
3 December 2022

ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യാതെ തന്നെ കഴക്കൂട്ടം എലിവേറ്റ‍ഡ് ഹൈവേ ജനങ്ങൾക്കായി തുറന്നു നൽകി. കേരളത്തിലെ ഏറ്റവും വലിയ നാലുവരി എലിവേറ്റഡ് ഹൈവേയായ കഴക്കൂട്ടം ഹൈവേ പണി പൂർത്തിയായ ശേഷവും തുറക്കാത്തതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ദേശീയപാത അതോറിറ്റി മേൽപ്പാലം തുറന്ന് നൽകിയത്.

നിലവിൽ ഏറ്റവും തിരക്കേറിയ കഴക്കൂട്ടം ജങ്ഷനിൽ പ്രവേശിക്കാതെയാണ് നാലുവരി എലിവേറ്റഡ് ഹൈവേ കടന്നുപോകുന്നത്‌. 2.71 കിലോമീറ്റർ നീളമുള്ള ഹൈവേയുടെ നിർമ്മാണത്തിന് 195.5 കോടിയാണ് അതോറിറ്റിക്ക് ചെലവായത്. ഈ ദേശീയ പാതയിൽ 61 തൂണുകൾ, 279 പൈലുകൾ, 420 ഗർഡറുകൾ, 59 സ്പാനുകൾ എന്നിവയാണുള്ളത്.

കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിയായ ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ തീയതി ലഭിക്കാത്തതുകൊണ്ടായിരുന്നു ഹൈവേ തുറക്കുന്നത് നീണ്ടുപോയത്. എലിവേറ്റ‍ഡ് ഹൈവേയിലൂടെ ടെക്‌നോപാർക്ക് ഫെയ്‌സ് 3 നു സമീപമാണ് പാത ചെന്നു നിൽക്കുക.