കാട്ടാക്കട കോൺഗ്രസിൽ പൊട്ടിത്തെറി; യുഡിഎഫ് സ്ഥാനാർഥിയാകാൻ ഒരുങ്ങുന്ന ബെെജുവിനെതിരെ ഒരു വിഭാഗം രംഗത്ത്

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കാട്ടാക്കട നിയോജകമണ്ഡലത്തിൽ കോൺഗ്രസിനുള്ളിൽ രൂക്ഷമായ വിഭാഗീയത. മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് പ്രതീക്ഷിക്കുന്ന എം. ആർ ബെെജുവിനെതിരെ കോൺഗ്രസിലെ തന്നെ ഒരു വിഭാഗം പ്രവർത്തകരുടെ നേതൃത്വത്തിൽ വ്യാപകമായ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. പാർട്ടിയെയും മുതിർന്ന നേതാക്കളെയും സ്വന്തം ആവശ്യങ്ങൾക്കായി വഞ്ചിച്ചുവെന്ന് ആരോപിച്ച് ബെെജുവിനെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിക്കുന്ന ലഘുലേഖകളാണ് കോൺഗ്രസ് പ്രവർത്തകരുടെ ഇടയിൽ പ്രചരിക്കുന്നത്.
ബെെജുവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കുറിപ്പിലുള്ളത്. മുൻ സ്പീക്കർ എൻ ശക്തന്റെ ഒപ്പം നിന്ന് നേട്ടങ്ങൾ ഉണ്ടാക്കിയ ശേഷം അദ്ദേഹത്തെ ബെെജു പിന്നിൽ നിന്ന് കുത്തിയെന്നാണ് കുറിപ്പിൽ ആരോപിക്കുന്നത്. പള്ളിച്ചൽ ജില്ല ഡിവിഷനിൽ ജയിച്ച ശേഷം ജനങ്ങളെ തിരിഞ്ഞുനോക്കാത്തതിനാൽ രണ്ടാമതും മത്സരിച്ചപ്പോൾ ജനങ്ങൾ ഇയാളെ തോൽപ്പിക്കുകയായിരുന്നു എന്നാണ് കുറിപ്പിലെ ആരോപണം. തുടർന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ശക്തനെ തോൽപ്പിക്കാൻ ബെെജുവിൻ്റെ നേതൃത്വത്തിൽ ജാതിയടിസ്ഥാനത്തിൽ രഹസ്യയോഗങ്ങൾ ചേർന്നുവെന്നും ലഘുലേഖയിൽ പറയുന്നു.
പിന്നീട് യുഡിഎഫ് കൺവീനർ കൂടിയായ അടൂർ പ്രകാശ് എംപിയുടെ ഒപ്പം കൂടിയ ബെെജു തനിക്ക് താല്പര്യമില്ലാത്ത പാർട്ടിക്കാരെക്കുറിച്ച് അദ്ദേഹത്തോട് നുണകൾ പറഞ്ഞ് അകറ്റിനിർത്തിയെന്നും കുറിപ്പിലുണ്ട്. കോവളം എംഎൽഎയെ ഉപയോഗിച്ച് ജില്ലയിലെ മറ്റ് മുതിർന്ന നേതാക്കളെ ഒതുക്കിയാണ് ബെെജു ഇപ്പോൾ സ്ഥാനാർഥി പട്ടികയിൽ ഇടംപിടിക്കാൻ ശ്രമിക്കുന്നതെന്നും മറുവിഭാഗം ആരോപിക്കുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടും ഇയാൾ വഞ്ചന കാണിച്ചു. ഉമ്മൻചാണ്ടിക്ക് സുഖമില്ലാതായതോടെ മറുകണ്ടം ചാടിയ ഇയാൾ ഇപ്പോൾ അദ്ദേഹത്തിന്റെ മകനെതിരെ തിരിഞ്ഞിരിക്കുകയാണെന്നും കുറിപ്പിൽ ആരോപിക്കുന്നു. ഇതിനിടെ പ്രതിപക്ഷ നേതാവിന്റെ പ്രീതി പിടിച്ചുപറ്റാനായി സ്വന്തം കുഞ്ഞിന്റെ ആദ്യാക്ഷരം അദ്ദേഹത്തെക്കൊണ്ട് കുറിപ്പിച്ചുവെന്നും കുറിപ്പിൽ പരിഹസിക്കുന്നു.


പകൽ കോൺഗ്രസ്സും രാത്രി ബിജെപിയുമായി നടക്കുന്ന പള്ളിച്ചൽ സതീഷിനെ യുഡിഎഫ് ചെയർമാനാക്കാൻ ബെെജു കൂട്ടുനിന്നുവെന്നും കുറിപ്പിൽ ആരോപണമുണ്ട്. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്തവർക്ക് കെപിസിസി നൽകിയ വിപ്പ് ഇയാൾ ബോധപൂർവ്വം പൂഴ്ത്തിവെച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് കച്ചവടം നടത്തി. സ്വന്തം പാർട്ടിക്കാരനായ ചെറുപ്പക്കാരനെ ജാതി പറഞ്ഞ് തോൽപ്പിച്ചു- ഇത്തരത്തിൽ നിരവധി ഗുരുതരമായ ആരോപണങ്ങളാണ് ബെെജുവിനെതിരെ മണ്ഡലത്തിൽ പ്രചരിക്കുന്നത്. കെപിസിസി ഭാരവാഹി ആർ.വി രാജേഷ് ആശുപത്രിയിലായപ്പോൾ ഇയാൾ പരിഹസിച്ചുവെന്നും ലഘുലേഖയിലുണ്ട്.
പാർട്ടിയെക്കൊണ്ട് സ്വന്തം കീശ വീർപ്പിച്ചതല്ലാതെ പാർട്ടിക്കോ പൊതുജനങ്ങൾക്കോ ബെെജുവിനെക്കൊണ്ട് യാതൊരു ഗുണവുമില്ലെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. യുവാക്കളുടെ അവസരങ്ങൾ നഷ്ടപ്പെടുത്തിയ ഈ നേതാവിന് കാട്ടാക്കടയിൽ സീറ്റ് നൽകരുതെന്നും, ഈ തീരുമാനം നേതൃത്വം അടിച്ചേൽപ്പിച്ചാൽ തിരഞ്ഞെടുപ്പിൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും കുറിപ്പിലൂടെ കർശന മുന്നറിയിപ്പ് നൽകുന്നു. ‘എംപിയുടെയും എംഎൽഎയുടെയും കാറുകളിൽ കയറാത്ത സാധാരണ പാർട്ടി പ്രവർത്തകർ’ എന്ന പേരിലാണ് ഈ പ്രതിഷേധ കുറിപ്പ് പ്രചരിക്കുന്നത്. യുഡിഎഫ് സ്ഥാനാർഥി നിർണ്ണയ ചർച്ചകൾ പുരോഗമിക്കവെ, ബെെജുവിനെതിരെ ഉയർന്നു വന്നിട്ടുള്ള ഗുരുതര ആരോപണങ്ങൾ യുഡിഎഫ് നേതൃത്വത്തിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.


