ആര്യ രാജേന്ദ്രന്റെ കത്തയച്ചതും മരിച്ച ഒരാൾ എന്ന് പറഞ്ഞാൽ പോരെ; ആശ്രമം കത്തിക്കൽ വിവാദത്തിൽ കെ സുരേന്ദ്രൻ

single-img
10 November 2022

സ്വാമി സന്ദീപാനന്ദ​ഗിരിയുടെ തിരുവനന്തപുരം കുണ്ടമൺകടവിലുള്ള ആശ്രമം കത്തിച്ച സംഭവത്തിൽ പ്രതി ആർഎസ്എസ് പ്രവർത്തകനാണെന്ന പുതിയ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇപ്പോഴത്തെ വെളിപ്പെടുത്തൽ കോർപ്പറേഷൻ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് സുരേന്ദ്രൻ പറഞ്ഞു.

മരിച്ചുപോയ ഒരാളെയാണ് പ്രതിയായി പറയുന്നത്. ഇങ്ങനെയെങ്കിൽ ആര്യ രാജേന്ദ്രന്റെ കത്തയച്ചതും മരിച്ച ഒരാൾ എന്ന് പറഞ്ഞാൽ പോരെയെന്നും ആശ്രമം കത്തിച്ചെന്നതിലെ വെളിപ്പെടുത്തൽ കള്ളക്കേസാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

സ്വാമിയുടെ ആശ്രമത്തിന് തീയിട്ടത് പ്രദേശവാസിയായ പ്രകാശ് എന്ന ആർഎസ്എസ് പ്രവർത്തകനും കൂട്ടുകാരും ചേർന്നാണ് എന്നായിരുന്നു സഹോദരൻ പ്രശാന്തിന്റെ വെളിപ്പെടുത്തൽ. പക്ഷെ പ്രകാശ് ഈ മാസം ജനുവരിയിൽ ആത്മഹത്യ ചെയ്തിരുന്നു. ഇയാളുടെ ആത്മഹത്യയുടെ പിന്നിലും ഒപ്പമുള്ള ആർഎസ്എസ് പ്രവർത്തകർക്ക് പങ്കുണ്ടെന്നും വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം.

2018 ഒക്ടോബർ 27-നായിരുന്നു പുലർച്ചെ കുണ്ടമൺകടവിലെ ആശ്രമത്തിൽ തീപിടിത്തം ഉണ്ടായത്. ഇതിൽ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങൾ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുണ്ടാവുകയും ചെയ്തിരുന്നു. കത്തിച്ചശേഷം ആശ്രമത്തിനുമുന്നിൽ ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും ആക്രമികൾ വെച്ചിരുന്നു. സിപിഎം-സർക്കാർ അനുകൂല നിലപാടുകൾ സ്വീകരിച്ചിരുന്ന മതാചാര്യനാണ് സന്ദീപാനന്ദ​ഗിരി.