ഗവർണറുടെ നടപടികൾ ചോദ്യം ചെയ്യേണ്ടതാണെന്ന് കെസി വേണുഗോപാൽ; ഗവർണർക്ക് പിന്തുണയുമായി കെ സുധാകരൻ

single-img
24 October 2022

സംസ്ഥാനത്തെ ഒന്പത് സര്‍വകലാശാലകളിലെ വിസിമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഉത്തരവില്‍ കോണ്‍ഗ്രസില്‍ ഉയരുന്നത് വ്യത്യസ്ത അഭിപ്രായങ്ങള്‍. കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്ത് കൈകടത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും പുതിയ ശ്രമമാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. എന്നാൽ ഇതിനു വിരുദ്ധമായ നിലപാടായിരുന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കൈക്കൊണ്ടത്.

സര്‍വകലാശാലകൾക്കുള്ള സ്വയംഭരണാവകാശത്തെ ഹനിക്കുന്ന നിലപാട് ചാന്‍സലര്‍ എന്ന സ്ഥാനം വഹിച്ചുകൊണ്ട് ഗവര്‍ണര്‍ സ്വീകരിച്ചാല്‍ ചോദ്യം ചെയ്യേണ്ടതാണെന്നും വൈസ് ചാന്‍സലര്‍മാര്‍ രാജി സമര്‍പ്പിക്കണമെന്ന തിട്ടൂരം ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നതാണെന്നും അത് എതിര്‍ക്കപ്പെടേണ്ടതാണെന്നും കെസി വേണുഗോപാല്‍ ഇന്ന് പറയുകയുണ്ടായി.

എന്നാൽ ഗവർണർ സ്വീകരിച്ച നടപടികളെ സ്വാഗതം ചെയ്യുന്നെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞത്. കെ സി വേണുഗോപാൽ നടത്തിയ പരാമർശങ്ങൾ ഏത് പശ്ചാത്തലത്തിലാണെന്ന് അറിയില്ലെന്നും കെപിസിസിയുടെ നിലപാട് ഇതാണെന്നും സുധാകരൻ പറയുന്നു. വിസിമാര്‍ ആരുംതന്നെ രാജി വച്ച് പോകണമെന്ന് പറയില്ല. പക്ഷെ തെറ്റുതിരുത്തി പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും സുധാകരന്‍ പറഞ്ഞു.