ബിബിസിയുടെ ഡോക്യൂമെന്ററി സംസ്ഥാനത്ത് ഉടനീളം കോൺഗ്രസ് പ്രദർശിപ്പിക്കും; അനിൽ ആൻ്റണിയെ തള്ളി കെ സുധാകരൻ

single-img
24 January 2023

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെൻ്ററിയിൽ കെപിസിസിയുടെ മീഡിയ സെൽ കൺവീനറും മുതിർന്ന നേതാവ് എ കെ ആൻ്റണിയുടെ മകനുമായ അനിൽ ആൻ്റണി നടത്തിയ പ്രസ്താവനയെ തള്ളി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.

ഏതെങ്കിലും വ്യക്തികൾ നടത്തുന്ന പ്രസ്താവനകളുമായി കോൺഗ്രസ് പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും ആ കച്ചിത്തുരുമ്പിൽ പിടിച്ച് കോൺഗ്രസിനെ അപഹസിക്കാൻ ആരും ശ്രമിക്കേണ്ടെന്നും സുധാകരൻ പറഞ്ഞു.

മാത്രമല്ല, ജനങ്ങളെ മതത്തിന്റെയും ഭാഷയുടെയും വേഷത്തിന്റെയും ഭക്ഷണത്തിന്റെയും പേരിൽ ഭിന്നിപ്പിച്ച് രാഷ്ട്രീയം നേട്ടം ഉണ്ടാക്കാനുള്ള സംഘപരിവാർ നിലപാടുകൾക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം പ്രഖ്യാപിച്ച പ്രസ്ഥാനമാണ് കോൺഗ്രസെന്നും സംസ്ഥാന വ്യാപകമായി കോൺ​ഗ്രസ് മുൻകൈയ്യെടുത്ത് ഡോക്യുമെൻ്ററി പ്രദർശിപ്പിക്കുമെന്നും സുധാകരൻ അറിയിച്ചു.

സുധാകരൻ്റെ പ്രസ്താവന പൂർണ്ണരൂപം:

ചരിത്ര വസ്തുതകളെയും യാഥാർത്ഥ്യങ്ങളെയും തമസ്‌കരിക്കുക എന്നത് സംഘപരിവാർ നയമാണ്. ഗുജറാത്ത് കലാപ കാലത്ത് രാജ്യധർമ്മം പാലിച്ചില്ലെന്ന് മുമ്പ് പറഞ്ഞത് ബിബിസിയുടെ ഡോക്യൂമെന്ററിയല്ല,മറിച്ച് ബിജെപി പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയി ആയിരുന്നു.ഗുജറാത്ത് വംശഹത്യയുടെ പൊള്ളുന്ന വസ്തുത ലോകം പണ്ടേ തിരിച്ചറിഞ്ഞതാണ്.

അധികാരവും പണക്കൊഴുപ്പും കൊണ്ട് വിലയ്‌ക്കെടുത്ത മാധ്യമങ്ങളെ ഉപയോഗിച്ച് ഇരുൾ വീണ ഭൂതകാലം വെള്ളപൂശി വിശുദ്ധരാകാൻ ശ്രമിക്കുന്ന നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും ബിബിസി ഡോക്യുമെന്ററിയിലൂടെ വിളിച്ച് പറഞ്ഞ സത്യങ്ങൾ ഉൾക്കൊള്ളാൻ കഴിഞ്ഞെന്നു വരില്ല. നഗ്നമായ സത്യം പുറംലോകത്തോട് വിളിച്ച് പറയുമ്പോൾ അതിൽ അസഹിഷ്ണുത കാട്ടുന്നത് ജനാധിപത്യത്തിന് തീരെ യോജിച്ചതല്ലെന്ന തിരിച്ചറിവ് ഇരുവർക്കും ഉണ്ടാകണം.

ഡോക്യൂമെന്റിറി പ്രദർശിപ്പിക്കാൻ അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തുന്നത് മോദി സത്യത്തെ ഭയപ്പെടുന്ന ഒരു ഭീരു ആയതുകൊണ്ടാണ്. ജനങ്ങളെ മതത്തിന്റെയും ഭാഷയുടെയും വേഷത്തിന്റെയും ഭക്ഷണത്തിന്റെയും പേരിൽ ഭിന്നിപ്പിച്ച് രാഷ്ട്രീയം നേട്ടം ഉണ്ടാക്കാനുള്ള സംഘപരിവാർ നിലപാടുകൾക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം പ്രഖ്യാപിച്ച പ്രസ്ഥാനമാണ് കോൺഗ്രസ്.

നരേന്ദ്രമോദിയും ബിജെപി ഭരണകൂടവും സംഘപരിവാറും വിലക്ക് കൽപ്പിച്ച ഗുജറാത്ത് വംശഹത്യയുടെ നേർചിത്രം വരച്ചുകാട്ടുന്ന ബിബിസിയുടെ ഡോക്യൂമെന്ററി സംസ്ഥാനത്ത് ഉടനീളം കോൺഗ്രസ് പ്രദർശിപ്പിക്കും. അതിനെ തടയാമെന്നത് സംഘപരിവാരിന്റെ വെറും വ്യാമോഹമാണ്.