കെ സുധാകരൻ്റെ ഉള്ളിൽ കാവിയും പുറത്ത് ഖദറുമാണുള്ളത് : എംവി ജയരാജൻ

single-img
10 November 2022

കണ്ണൂരിലെ ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ താൻ ആളെ വിട്ടുനൽകിയെന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. കെ സുധാകരൻ്റെ ഉള്ളിൽ കാവിയും പുറത്ത് ഖദറുമാണെന്നും മതനിരപേക്ഷ ജനാധിപത്യത്തിന് സുധാകരൻ അപമാനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇപ്പോൾ പോലും താൻ ബിജെപിയിലേക്ക് പോകുമെന്നാണ് കെ സുധാകരൻ ആവർത്തിക്കുന്നത്. കോൺഗ്രസിന് ഒരുപക്ഷെ ഭാവിയില്ലെന്ന് കരുതിയാവും സുധാകരൻ ഇങ്ങനെ ചെയ്യുന്നതെന്നും ബിജെപിയുമായുള്ള വിലപേശൽ ആണോ എന്ന് സംശയിക്കുന്നുവെന്നും എം വി ജയരാജൻ പറഞ്ഞു.

നേരത്തെ തലശ്ശേരി കലാപകാലത്ത് ആര്‍എസ്എസ്, പള്ളി പൊളിക്കുന്നതിനെ തടഞ്ഞത് സിപിഎം പ്രവർത്തകരാണെന്ന് പറഞ്ഞ എം വി ജയരാജൻ, ഇ പി ജയരാജനെ കൊല്ലാൻ സുധാകരൻ അയച്ചത് ആര്‍എസ്എസുകാരെയാണെന്നും ആരോപിച്ചു. 2019 ൽ കെ സുധാകരൻ കണ്ണൂരിൽ സമരം തുടങ്ങിയപ്പോൾ വത്സൻ തിലങ്കേരി വന്ന് അഭിവാദ്യം ചെയ്തിരുന്നു. സുധാകരൻ്റെ ലക്ഷ്യം അടുത്ത തെരഞ്ഞെടുപ്പിൽ ആര്‍എസ്എസ് വോട്ട് തനിക്ക് ലഭ്യമാക്കലാണെന്നും എം വി ജയരാജൻ വിമര്‍ശിച്ചു.