എ കെ ജി സെന്റർ ആക്രമണം: വനിതാ നേതാവ്‌ ഒളിവിൽ താമസിച്ചത് കെ സുധാകരന്റെ മുറിയിൽ എന്ന് ആരോപണം

single-img
4 November 2022

എ കെ ജി സെന്ററിനു നേരെ ബോംബെറിഞ്ഞ കേസിലെ പ്രതിയായ യൂത്ത്‌ കോൺഗ്രസ്‌ വനിതാ നേതാവ്‌ ഒളിവിൽ താമസിച്ചത് കെ സുധാകരന്റെ പേരിൽ ബുക്ക്‌ ചെയ്ത ഹോട്ടൽ മുറിയിൽ എന്ന് ആരോപണം. ദേശാഭിമാനിയാണ് ഇത് സംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചത്.

സെപ്തംബർ 22ന്‌ മുഖ്യപ്രതി ജിതിൻ പിടിയിലായതിനെ തുടർന്ന്‌ തൃശൂർ പുഴയ്ക്കലുള്ള പഞ്ചനക്ഷത്ര ഹോട്ടലിലാണ്‌ ഇവരെ താമസിപ്പിച്ചത്‌. ജോഡോയാത്ര സമയത്ത്‌ കെ സുധാകരൻ ഇവിടെ നാല്‌ മുറി ബുക്ക്‌ ചെയ്തിരുന്നു. സുധാകരന്റെ പേഴ്‌സണൽ അസിസ്റ്റന്റ്‌ വിപിനാണ്‌ വനിതാ നേതാവിനെ കൊണ്ടുവന്നതും മുറിയിൽ താമസിപ്പിച്ചതും.

സെപ്തംബർ 23 മുതൽ ആര്യാടൻ മുഹമ്മദിന്റെ സംസ്കാരം നടന്ന 25 വരെ വനിതാനേതാവ്‌ ഈ ഹോട്ടലിൽ തങ്ങി. വിവരങ്ങൾ പുറത്തുവരാൻ തുടങ്ങിയതോടെ വിപിനെ പിഎ സ്ഥാനത്തുനിന്ന്‌ നീക്കി എന്നാണു ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത്.

ഒളിവിൽ കഴിയുമ്പോൾ പ്രതികൾക്ക്‌ വിപിൻ പ്രത്യേക ഫോൺ എടുത്ത്‌ കൊടുത്തിരുന്നു. ഈ നമ്പർ വഴിയാണ്‌ സുധാകരൻ സ്ഥലത്തുള്ളപ്പോഴടക്കം പ്രതികളുമായി ബന്ധപ്പെട്ടിരുന്നത്‌. സുധാകരനുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്നയാളാണ്‌ വിപിൻ.